മനാമ: കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്റൈൻ അഥവാ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ എന്ന പേരിൽ ബഹറൈനിലെ കോഴിക്കോട് ജില്ലാ പ്രവാസികളുടെ കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്‌ഘാടനം ‘ഉത്സവ് കോഴിക്കോട് 2019’ എന്നപേരിൽ മാർച്ച് 8 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് മനാമയിലെ അൽ റജ സ്കൂളിൽവച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ സംഘാടകസമിതി ചെയർമാനും, സയാനി മോട്ടോർസ് ജനറൽ മാനേജരുമായ മുഹമ്മദ് സാക്കിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഒപ്പം ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവും കോഴിക്കോട് കാരനും അൽഹിലാൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടറുമായ ഡോക്ടർ വിനോദിനെ ചടങ്ങിൽ ആദരിക്കും. കോഴിക്കോട് ജില്ലയിലെ മുഴുവൻ സംഘടനകളുടെയും സഹകരണം പരിപാടിയിൽ ഉണ്ടായിരിക്കുമെന്നും സമിതി കൂട്ടിച്ചേർത്തു.
ചടങ്ങിന് കലാപരമായ കൊഴുപ്പേകാൻ ചെണ്ടമേളം, കോൽക്കളി, ഒപ്പന,കളരിപ്പയറ്റ്, നൃത്ത നൃത്യങ്ങൾ എന്നിവയ്ക്കു പുറമേ ദേശീയ അവാർഡ് ജേതാവായ ശ്രീമതി സുരഭി ലക്ഷ്മി, വിനോദ് കോവൂർ, അഹമ്മദ് കബീർ എന്നിവരുടെ പ്രകടനവും, സിനിമാ പിന്നണി ഗായകനും, പട്ടുറുമാൽ ഫെയിമുമായ അജയ് ഗോപാൽ, ശ്രീജിത്ത്, ദീപിക അനീഷ് ,എന്നിവരുടെ ഗാനമേളയും ഉണ്ടായിരിക്കും. ചടങ്ങിൽവെച്ച് അംഗങ്ങളുടെ ഹെൽത്ത് കാർഡ് വിതരണവും നടക്കും. ഇതിനും പുറമെ കോഴിക്കോടിൻറെ തനത് വിഭവങ്ങൾ, ഹൽവ ബസാർ എന്നിവ സമ്മേളന നഗരിയിൽ മുഖ്യ ആകര്ഷണമായിരിക്കും. കോഴിക്കോടിൻറെ ജീവിച്ചിരിക്കുന്നതും മൺമറഞ്ഞതുമായ ചരിത്രപുരുഷന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും സവിശേഷമായി ഒരുക്കിയിട്ടുണ്ട്.
ഒരുലക്ഷത്തോളം കോഴിക്കോട് ജില്ലക്കാർ ബഹറൈനിൽ ഉണ്ട്. അവരുടെ പ്രശ്നങ്ങൾക്ക് സഹായകമാവുകയും അതോടൊപ്പം ജില്ലയുടെ ക്ഷേമത്തിനും പുരോഗതിക്കും പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സംഘടന നിലവിൽ വന്നതെന്നും, അംഗങ്ങളുടെ കലാ സാംസ്കാരിക സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതും ഈ സംഘടനയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരിക്കുമെന്നും പരിപാടിയിലേക്ക് മുഴുവൻ ആളുകളുടെയും സാന്നിധ്യവും സഹകരണവും ഉറപ്പു വരുത്തണമെന്നും സംഘാടക സമിതി അഭ്യർത്ഥിച്ചു.