തിരുവനന്തപുരം: കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി കേരളം. സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗം വിളിച്ചു. 24 മണിക്കൂറിനിടെ ഏഴായിരത്തോളം പുതിയ കേസുകളാണ് സംസ്ഥാനത്താകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എല്ലാ ജില്ലകളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം 200 കടന്നിരുന്നു. കോഴിക്കോട് ഇന്നലെ മാത്രം 1200 ലേറെ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള നീക്കം.
പുതിയ നിയന്ത്രണത്തിൽ കൂട്ടം ചേരലുകൾ ഒഴിവാക്കാൻ ഉള്ള നടപടികൾ വന്നേക്കും. ഷോപ്പുകൾ മാളുകൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സമ്പൂർണ അടച്ചിടൽ പ്രായോഗികമല്ലാത്തതിനാൽ സ്വയം പ്രതിരോധത്തിന്‍റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ ഉള്ള നടപടികൾ ഉണ്ടാകും. രോഗികളുടെ എണ്ണവും രോഗം ഗുരുതരമാകുന്നവരുടെ എണ്ണവും കൂടിയതോടെ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ അടക്കം സജ്ജീകരിക്കാൻ സർക്കാർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
രോഗ വ്യാപന തീവ്രത കുറയ്ക്കാൻ ക്രഷിങ് ദി കർവ് എന്ന പേരിൽ മാസ് വാക്സിനേഷൻ ക്യാമ്പുകൾ തുടങ്ങി. എന്നാൽ വാക്സിൻ കുറവ് കാരണം വിപുലമാക്കാനായിട്ടില്ല. ക്ഷാമം പരിഹരിക്കാൻ 25 ലക്ഷം കോവിഷീൽഡ് വാക്സീനും 25 ലക്ഷം കോവാക്സീനും അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിൻ കിട്ടിയാൽ 45 വയസിന് മുകളിൽ പ്രായമുള്ളവരുടെയും 60 വയസിന് മേൽ പ്രായമുള്ളവരുടെയും വാക്സിനേഷൻ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം.