മനാമ: കൊവിഡ് വാക്സിനും ഗ്രീൻ പാസ്പോർട്ടും പരസ്പരം അംഗീകരിക്കാൻ തയ്യാറായി ബഹ്റൈനും ഇസ്രായേലും. ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്കെനകസിയും തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.
ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചു. കരാറിന് അടിസ്ഥാനത്തിൽ ഒരു രാജ്യത്ത് വാക്സിൻ എടുത്തവർക്ക് മറ്റേ രാജ്യത്തെ എത്തുമ്പോൾ ക്വാറന്റൈൻറെ ആവശ്യമില്ല. എന്നാൽ വാക്‌സിൻ സ്വീകരിച്ചു എന്നതിന്റെ സർട്ടിഫിക്കറ്റ് കാണിക്കണം. ഗ്രീൻ പാസ്പോർട്ട് ഉപയോഗിച്ച് ആവശ്യമായ സ്ഥലങ്ങളിൽ ഇവർക്ക് പ്രവേശിക്കാനും സാധിക്കും. എന്നാൽ രണ്ട് രാജ്യങ്ങളും അംഗീകരിച്ച വാക്സിൻ ആയിരിക്കണം സ്വീകരിച്ചത് എന്ന് വ്യവസ്ഥയിലുണ്ട്.
കരാറിന്റെ രണ്ടാംഘട്ടത്തിൽ ഒരു രാജ്യത്ത് മാത്രം അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്കും ഇളവുകൾ നൽകുന്നതിനെ കുറിച്ചുള്ള നടപടികൾ നടപ്പിലാക്കും. വാക്സിൻ സ്വീകരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ ഡിജിറ്റൽ മാർഗത്തിലായിരിക്കും നടത്തുക. ഇരു രാജ്യങ്ങളിലേക്കും ഉള്ള പ്രവേശനം സുഗമമാക്കാൻ ഈ കരാറിലൂടെ സാധിക്കും. വിനോദസഞ്ചാരം, വ്യാപാരം, സാമ്പത്തികം എന്നീ മേഖലകളിലും കരാർ ശക്തിപ്പെടുത്തുമെന്ന് അധികൃതർ പറഞ്ഞു.









