ബഹ്‌റൈനിൽ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു

മനാമ: അഞ്ച് ലക്ഷം ബഹ്‌റൈൻ ജനത ഇതുവരെ രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിനേഷന് യോഗ്യതയുള്ള 44% പേരിലും നിലവിൽ വാക്‌സിനേഷൻ പൂർത്തിയായി കഴിഞ്ഞു. വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം വർദ്ധിച്ചത് ജനങ്ങൾക്കിടയിൽ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെയും അവബോധത്തെയും പ്രതിഫലിപ്പിക്കുന്നു എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

5,58,531 പേരാണ് ഇതുവരെ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചത്. 7,59,975 പേർ ഓരോ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. മികച്ച ഫലപ്രാപ്തിയുള്ള വിവിധ വാക്‌സിനുകൾ ബഹ്‌റൈനിൽ ലഭ്യമായിരുന്നു. ദേശീയ പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയ്‌നുകൾക്ക് മികച്ച പ്രതികരണം  ആണ് ലഭിക്കുന്നതെന്നും ഇതിലൂടെ സമൂഹത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുന്നുണ്ടന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.