മനാമ: ബഹ്റൈനിൽ 1662 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. മെയ് 10ന് 24 മണിക്കൂറിനിടെ 17,554 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 609 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 1023 പേർക്ക് സമ്പർക്കങ്ങളിലൂടെയും 30 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 13,990 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 144 പേരുടെ ആരോഗ്യനില ഗുരുതരമാണ്. 9.47% മാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം 1005 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,76,337 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 6 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 691 ആയി. ആകെ 42,56,020 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. 8,06,143 പേർ ഇതുവരെ ഓരോ ഡോസും 5,88,730 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ ബഹ്റൈനിലെത്തുന്നവർ 3 കോവിഡ് പരിശോധനകൾക്ക് വിധേയമാകണം. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും. ഈദ് ദിനം മുതൽ ബഹ്റൈനിലെത്തുന്ന വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് കോവിഡ് പരിശോധന വേണ്ടതില്ലെന്ന് ടാസ്ക് ഫോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.