റഷ്യയുടെ ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ്​ കോവിഡ്​ വാക്​സി​ൻറെ അടിയന്തര ഉപയോഗത്തിന്​ ബഹ്റൈനിൽ അനുമതി

മനാമ: റഷ്യയുടെ ഒറ്റ ഡോസ്​ സ്​പുട്​നിക്​ ലൈറ്റ്​ കോവിഡ്​ വാക്​സി​ൻറെ അടിയന്തര ഉപയോഗത്തിന്​ ബഹ്റൈൻ അനുമതി നൽകി. വിദഗ്​ധ പഠനങ്ങൾക്കൊടുവിലാണ്​ വാക്​സിന്​ അംഗീകാരം നൽകാൻ ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത്​. റഷ്യൻ ഫെഡറേഷൻറെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഗമാലിയ നാഷണൽ സെന്റർ ഫോർ എപ്പിഡെർമിയോളോജിക്കൽ ആൻഡ് മൈക്രോബയോളജി റിസർച്ച് ഗ്രൂപ്പ് ആണ് സ്​പുട്​നിക്​ ലൈറ്റ്​ വാക്‌സിൻറെ നിർമാതാക്കൾ. കോവിഡിന്റെ പുതുതായി രൂപം കൊണ്ട എല്ലാതരം വാരിയന്റുകൾക്കും ഈ വാക്‌സിൻ ഫലപ്രദമാണെന്ന് സെന്ററിൽ നടന്ന പരീക്ഷണങ്ങളിൽ പുറത്തുവിട്ടിരുന്നു.

ഇതോടെ ബഹ്​റൈൻ അനുമതി നൽകിയ വാക്​സിനുകളുടെ എണ്ണം ആറായി. ഫൈസർ-ബയോൺടെക്​, സിനോഫാം, കോവിഷീൽഡ്‌- ആസ്​ട്രാ സെനേക്ക, ജോൺസൻ ആൻറ്​ ജോൺസൻ, സ്​പുട്​നിക്​ 5 എന്നിവയാണ്​ നേരത്തെ അംഗീകരിച്ചിട്ടുള്ളത്​. സ്​പുട്​നിക്​ ലൈറ്റ്​ വാക്​സി​ൻറെ ഇറക്കുമതി ആരോഗ്യ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന്​ നാഷണൽ ഹെൽത്​ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. മറ്റു വാക്‌സിനുകൾ പോലെ തന്നെ സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ താമസക്കാർക്കും സൗജന്യമായി തന്നെ ലഭ്യമാക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.