മനാമ :12നും 17നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനും തീരുമാനിച്ചതായി ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഫൈസർ-ബയോ എൻടെക് വാക്സിനാണ് ഇവർക്ക് നൽകുക. കൗമാരക്കാരിൽ രോഗപ്രതിരോധ ശേഷിയുണ്ടാക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ ഉപദേശക സമിതിയുടെയും അമേരിക്കയിലെ സെൻറർ ഫോർ ഡിസീസ് കൺട്രോളിൻറെയും ശിപാർശകളുടെ അടിസ്ഥാനത്തിലാണ് നടപടി. healthalert.gov.bh എന്ന ആരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ കൗമാരക്കാർക്ക് കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യാൻ സൗകര്യം ഉടൻ ആരംഭിക്കും. രജിസ്റ്റർ ചെയ്യാനും രക്ഷിതാവിൻറെ അനുമതി ആവശ്യമാണ്. കുത്തിവെപ്പെടുക്കുമ്പോൾ രക്ഷിതാവിൻറെ സാന്നിധ്യവുമുണ്ടാകണം.
ഒപ്പം തന്നെ ആശങ്ക വിഭാഗത്തിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ രജിസ്ട്രേഷൻ ആരംഭിച്ചതായും ടാസ്ക്ഫോഴ്സ് അറിയിച്ചു. സിനോഫാം വാക്സിൻ രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.
കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും 50 വയസ്സിന് മുകളിലുള്ളവർക്കും അമിത വണ്ണം, കുറഞ്ഞ പ്രതിരോധശേഷി, വിട്ടുമാറാത്ത അസുഖങ്ങൾ എന്നിവയുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകും. മറ്റു വിഭാഗങ്ങളിലുള്ള സ്വദേശികൾക്കും പ്രവാസികൾക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള സമയക്രമം പിന്നീട് പ്രഖ്യാപിക്കും.