മനാമ :ഈദുൽ ഫിത്ർ അവധി ദിവസങ്ങളിൽ കോവിഡ് മുൻകരുതൽ നടപടികൾ ലംഘിച്ച 12 പേർക്കെതിരെയും പത്ത് റസ്റ്റോറന്റ്റുകൾക്കെതിരെയും ലോവർ ക്രിമിനൽ കോടതി പിഴ ചുമത്തി. 1000 മുതൽ 2000 ദിനാർ വരെയാണ് പിഴ ചുമത്തിയത്. ബി അവയർ ആപ്പിലെ വിവരങ്ങൾ പരിശോധിക്കുക, വാക്സിനേഷൻ സ്വീകരിക്കാത്തവരെ റസ്റ്റോറന്റ്കളിൽ പ്രവേശിപ്പിക്കുക, താപനില പരിശോധിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.
ആളുകളെ പ്രവേശിപ്പിക്കും മുമ്പ് ശരീരോഷ്മാവ് പരിശോധിക്കാത്ത റസ്റ്റാറൻറുകൾ അടച്ചുപൂട്ടുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം നടത്തിയാണ് കേസ് കോടതിയിലേക്ക് കൈമാറിയത്.
കോവിഡ് നിയമങ്ങൾ ലംഘിക്കുന്നത് 3 വർഷം വരെ തടവോ 1000 ദീനാറിൽ കുറയാതെ പിഴയോ വരെ ലഭിക്കാവുന്ന കുറ്റമാണ്.