മനാമ: സൗദി അറേബ്യ പ്രാബല്യത്തിൽ വരുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്റൈനിൽ കുടുങ്ങിയത് 1000ത്തോളം പ്രവാസികൾ. കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ മാത്രമേ കടത്തി വിടൂ എന്ന നിബന്ധന കിങ് ഫഹദ് കോസ്‌വേ അധികൃതർ വ്യാഴാഴ്ച മുതൽ നടപ്പിലാക്കിയാതിനെ തുടർന്നാണ് യാത്രക്കാർ ദുരിതത്തിലായത്. കോസ്‌വേ വഴി വ്യാഴം, വെള്ളി ദിവസങ്ങളിൽ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെ അധികൃതർ തിരിച്ചയച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാനസർവ്വീസ് ഇല്ലാത്തതിനാൽ ബഹ്റൈൻ വഴി പോകാൻ എത്തിയവരാണ് പ്രശ്നത്തിലായത്.
ബഹ്റൈനിൽ എത്തി 14 ദിവസത്തെ ക്വാറന്റൈനു ശേഷമാണ് കോസ്‌വേ വഴി ഇന്ത്യക്കാർ സൗദിയിലേക്ക് പോയ്ക്കൊണ്ടിരുന്നത്. സൗദി റസിഡൻസ് വിസ ഉള്ളവർ, തൊഴിൽ,സന്ദർശക, ടൂറിസം വിസയിൽ എത്തുന്നവർ പുതിയ നിബന്ധന പാലിക്കണം. ഇവർ 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സൗദി അംഗീകരിച്ച ഫൈസർ, ആസ്ട്ര സെനെക്ക, മൊഡേണ എന്നീ വാക്സിനുകൾ രണ്ട് ഡോസും ,ജോൺസൻ ആൻറ് ജോൺസൻ വാക്‌സിൻ ഒറ്റ ഡോസും എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അതേസമയം വിമാന മാർഗം യാത്രക്കാർക്ക് സൗദിയിലേക്ക് പോകുന്നതിൽ തടസ്സമില്ല. സൗദിയിലെത്തി ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ കഴിയണമെന്ന വ്യവസ്ഥയാണ് ഉള്ളത്. വിമാന ടിക്കറ്റ് എടുക്കുമ്പോൾ തന്നെ താമസിക്കാനുള്ള ഹോട്ടൽ ബുക്ക് ചെയ്യണം. അതിനിടെ ബഹ്റൈൻ പ്രഖ്യാപിച്ചിട്ടുള്ള പുതിയ യാത്ര നിയന്ത്രണങ്ങൾ ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് യാത്രചെയ്യുന്നവരെ കൂടുതൽ ദുരിതത്തിലാക്കും.
ബഹ്റൈനിൽ റസിഡൻസ് വിസയുള്ളവർക്ക് മാത്രമാണ് ഞായറാഴ്ച മുതൽ ഇങ്ങോട്ട് വരാൻ കഴിയുക. മറ്റ് വിസകളിൽ ബഹ്റൈനിൽ എത്തി സൗദിയിലേക്ക് പോകാനുള്ള വഴിയാണ് ഇതോടെ അടയുന്നത്.