bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിലേക്കുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ; ക്വാറൻറീൻ താമസ രേഖയുടെ വ്യവസ്​ഥകൾ എയർലൈൻസുകൾ കർശനമാക്കി

bahrain

മനാമ: വിദേശത്തുനിന്നും ബഹ്‌റൈനിലേക്ക് വരുന്നവരുടെ യാത്ര നിബന്ധനകൾ പുതുക്കി. ഇന്ത്യ ഉൾപ്പെടെ അഞ്ചു രാജ്യങ്ങളെയാണ് ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഹ്‌റൈൻ പൗരൻമാർക്കും, റസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും വരുന്ന ജിസിസി പൗരൻമാർക്ക് പ്രവേശന അനുമതി നൽകിയിരുന്നു. എന്നാൽ പുതുക്കിയ ഉത്തരവിൽ ഇവരെ ഒഴിവാക്കിയിട്ടുണ്ട്.

യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്കാർ ഹാജരാകണമെന്ന വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ ബഹ്‌റൈനിൽ എത്തിയശേഷമുള്ള കോവിഡ് പരിശോധനയുടെ എണ്ണം കുറച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ വെച്ചും പിന്നീട് പത്താം ദിവസവുമാണ് പരിശോധന ഇനി നടത്തേണ്ടത്. അഞ്ചാം ദിവസം നടത്തേണ്ട പരിശോധനയാണ് ഒഴിവാക്കിയത്. ഇന്ന് മുതലാണ് നിബന്ധനകൾ പ്രാബല്യത്തിൽ വന്നത്.

 

ക്വാറന്റൈൻ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാരും 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. തുടർന്ന് വിമാനത്താവളത്തിൽ വെച്ചും പത്താം ദിവസവും കോവിഡ് ടെസ്റ്റ് നടത്തണം. പത്തു ദിവസത്തെ ക്വാറന്റൈൻ വ്യവസ്ഥ ഇവർക്കും ബാധകമാണ്. 

റെഡ് ലിസ്റ്റിൽ ഉൾപ്പെടാത്തരാജ്യങ്ങളിൽ നിന്നും ബഹ്‌റൈൻ അംഗീകരിച്ചിട്ടുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ക്വാറന്റൈനും പിസിആർ പരിശോധനയും ആവശ്യമില്ല. അമേരിക്ക, യുകെ, യൂറോപ്യൻ  യൂണിയൻ, ഓസ്ട്രേലിയ,ന്യൂസിലാൻഡ്, ദക്ഷിണകൊറിയ, ജപ്പാൻ, സിംഗപ്പൂർ, എന്നിവിടങ്ങളിൽ നിന്നും വാക്സിൻ സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്നും നിലവിൽ റെസിഡൻസ് വിസ ഉള്ളവർക്ക് മാത്രമാണ് പ്രവേശനം. യാത്രക്കാർ സ്വന്തം താമസ സ്ഥലത്ത് 10 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന. സ്വന്തം പേരിലുള്ളതോ അടുത്ത കുടുംബാംഗത്തിന്റെയോ താമസസ്ഥലത്തിന്റയോ രേഖ തെളിവായി ഹാജരാക്കണമെന്ന വ്യവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്. 

ഇന്ന് ബഹ്​റൈനിലെത്തിയ നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. സ്വന്തം താമസ സ്​ഥലത്ത്​ ക്വാറൻറീനിൽ കഴിയാൻ തെരഞ്ഞെടുത്തവർക്ക്​ മാനദണ്​ഡ പ്രകാരമുള്ള താമസ രേഖ ഹാജരാക്കാൻ കഴിയാതെ വന്നതാണ്​ പ്രശ്​നമായത്​. നിയന്ത്രണം പ്രാബല്യത്തിൽ വന്ന ഞായറാഴ്​ച സി.പി.ആറിലുള്ളത്​ ഉൾപ്പെടെ ഏതെങ്കിലും താമസ സ്​ഥലത്തിൻറെ വിലാസം കാണിച്ചവരെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നു. ഇത്​ പ്രകാരം തിങ്കളാഴ്​ച എത്തിയ യാത്രക്കാരാണ്​ കുടുങ്ങിയത്​. മംഗലാപുരത്തുനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനവും മറ്റ്​ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളും രാവിലെ വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്വന്തം പേരിലുള്ള താമസ രേഖ ഹാജരാക്കണമെന്ന്​ വിമാനത്താവളത്തിലെ ആരോഗ്യ മന്ത്രാലയം അധികൃതർ കർശനമായി പറഞ്ഞതോടെ ഭൂരിഭാഗം പേർക്കും മണിക്കൂറുകളോളം പുറത്തിറങ്ങാനായില്ല.

ചിലർക്ക്​ കമ്പനിയിൽനിന്നുള്ള കത്ത്​ ഹാജരാക്കി പുറത്തിറങ്ങാൻ കഴിഞ്ഞു. കമ്പനി താമസ സ്​ഥലം ഒരുക്കിയതായി കാണിച്ചുള്ള കത്താണ്​ ഹാജരാക്കിയത്​. ഫാമിലി വിസയിൽ വന്നവർ​ താമസ സ്​ഥലം സംബന്ധിച്ച്​ ഭർത്താവിൻറെ അല്ലെങ്കിൽ ഭാര്യയുടെ കത്ത്​ ഹാജരാക്കി പുറത്തിറങ്ങി. ഇവർ ഭർത്താവി​ൻറെ അല്ലെങ്കിൽ ഭാര്യയുടെ പേരുള്ള പാസ്​പോർട്ട്​ തെളിവായി ഹാജരാക്കുകയും ചെയ്​തു. പകുതിയോളം പേർക്ക് എയർപോർട്ടിൽ വെച്ച് തന്നെ​ ഹോട്ടൽ ബുക്കിങ്​ നടത്തിയ ശേഷമാണ്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​.

സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിൻറെ പേരിലുള്ള താമസ രേഖ അല്ലെങ്കിൽ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകരിച്ച ഹോട്ടലുകളി​ൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്​ഡ്​ റിസർവേഷൻറെ രേഖ യാത്രക്കാർ ഹാജരാക്കണമെന്നാണ്​ എയർലൈൻസുകൾ അറിയിച്ചിരിക്കുന്നത്​. ലീസ്​/റെൻറൽ എഗ്രിമെൻറ്​, ഇലക്​ട്രിസിറ്റി ബിൽ, മുനിസിപ്പാലിറ്റി ബിൽ എന്നിവയിലൊന്ന്​ താമസ രേഖയായി ഹാജരാക്കാമെന്ന്​ ഗൾഫ്​ എയർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ താമസ രേഖ ഹാജരാക്കണമെന്ന്​ എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്​പ്രസും അറിയിച്ചിട്ടുണ്ട്.

ബഹ്​റൈനിലെ ഇന്ത്യൻ എംബസിയും പുതിയ നിബന്ധന വ്യക്​തമാക്കി​ ഇന്ന് അറിയിപ്പ്​ പ്രസിദ്ധീകരിച്ചു. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്​ക്​ഫോഴ്​സിൻറെ തീരുമാനം അനുസരിച്ചാണ്​ ബഹ്​റൈനിൽ പുതിയ നിയന്ത്രണം നടപ്പാക്കിയത്​. കഴിഞ്ഞ ദിവസം നാഷണാലിറ്റി, പാസ്​പോർട്ട്​ ആൻറ്​ റസിഡൻസ്​ അഫയേഴ്​സും (എൻ.പി.ആർ.എ) ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സ്​ബിഷൻസ്​ അതോറിറ്റിയും നൽകിയിട്ടുള്ള അറിയിപ്പിലും ഇക്കാര്യം വ്യക്​തമാക്കുന്നുണ്ട്​.

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!