മനാമ :ബഹ്റൈനിൽ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള കാത്തിരിപ്പ് സമയം കുറയുന്നു. കൂടുതൽ കേന്ദ്രങ്ങൾ വഴി വാക്സിൻ നൽകാൻ ആരംഭിച്ചതാണ് ഇതിന് സഹായിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതിദിനം 31,000 ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞയാഴ്ച തീരുമാനം എടുത്തിരുന്നു. 27 ഹെൽത്ത് സെൻററുകൾ ഉൾപ്പെടെ 31 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകുന്നത്.
ഇതിെൻറ ഫലമായി വിവിധ വാക്സിനുകൾ രജിസ്റ്റർ ചെയ്ത് ഒന്നുമുതൽ അഞ്ചുവരെ ദിവസത്തിനുള്ളിൽ ലഭ്യമാകും. ഒാരോ വാക്സിനും സ്വീകരിക്കാൻ യോഗ്യരായ വിഭാഗങ്ങളെക്കുറിച്ച് healthalert.gov.bh എന്ന വെബ്സൈറ്റിലും ബി അവെയർ ആപ്പിലും വിവരം ലഭ്യമാണ്.
അതേസമയം, നിശ്ചയിച്ച് നൽകിയിട്ടുള്ള തീയതികളിൽ വാക്സിൻ സ്വീകരിക്കുന്നതിൽ ചിലർ വീഴ്ചവരുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് പ്രതിദിനം നൽകുന്ന ഡോസ് 26,000 ആയി കുറഞ്ഞിട്ടുണ്ട്. രജിസ്റ്റർ ചെയ്ത എല്ലാവരും കൃത്യസമയത്ത് വാക്സിൻ സ്വീകരിക്കാൻ തയാറാകണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു. വാക്സിൻ സ്വീകരിക്കേണ്ട തീയതി എല്ലാവർക്കും ടെക്സ്റ്റ് മെസേജ് ആയി അയക്കുന്നുണ്ട്.
നിശ്ചയിച്ച തീയതിയിൽ വാക്സിൻ സ്വീകരിക്കാത്തവർ മറ്റു ദിവസങ്ങളിൽ എത്തുേമ്പാൾ തിരക്കിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 90 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞു. ഇതിൽ 96 ശതമാനം പേരും കൃത്യസമയത്ത് വാക്സിൻ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.