മനാമ: ബഹ്റൈനിൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്തു ലക്ഷം കടന്നു. രാജ്യത്ത് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 80 ശതമാനത്തിലധികം പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രാലയം ഈ വിവരം പുറത്തു വിട്ടത്. ജനങ്ങൾ വാക്സിൻ സ്വീകരിക്കണമെന്ന നിർദ്ദേശം ഭരണകൂടം നൽകുന്നുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യം സംരക്ഷിക്കുവാനുള്ള ഭരണകൂടത്തിന്റെ കഠിനമായ പരിശ്രമത്തിന്റെ ഫലമാണ് ഈ കണക്കുകൾ.
സിനോഫോം, ഫൈസർ ബയോടെക്, അസ്ട്രസെനക്ക, സ്പുട്നിക് 5 എന്നീ വാക്സിനുകളാണ് രാജ്യത്ത് നൽകുന്നത്. പ്രതിദിനം 31,000 ഡോസ് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 27 ഹെൽത്ത് സെന്റർ ഉൾപ്പെടെ 31 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകുന്നത്. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായും വാക്സിൻ എളുപ്പത്തിൽ ലഭ്യമാക്കാനുമുള്ള നടപടികൾ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. രെജിസ്റ്റർ ചെയ്ത 96 ശതമാനം പേർക്കും വാക്‌സിൻ നൽകാൻ സാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതൽ സെന്ററുകളിലൂടെ വാക്‌സിനേഷൻ പദ്ധതി മുന്നോട്ടു പോകുന്നതിനാൽ നിലവിൽ രജിസ്റ്റർ ചെയ്യുന്നവർക്കുള്ള കാത്തിരിപ്പ് സമയം കുറഞ്ഞിട്ടുണ്ട്. വിവിധ വാക്സിനുകൾ രജിസ്റ്റർ ചെയ്ത് ഒന്നുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ ലഭ്യമാകും. ഓരോ വാക്സിനും സ്വീകരിക്കാൻ യോഗ്യരായ വിഭാഗങ്ങളെക്കുറിച്ച് healthalert.gov.bh എന്ന വെബ്സൈറ്റിലും ബി അവെയർ ആപ്പിലും വിവരം ലഭ്യമാണ്.