മനാമ: റഷ്യൻ വാക്സിനായ സ്പുട്നിക് 5 വാക്സിന് ബഹ്റൈനിൽ 94.3 ശതമാനം ഫലപ്രാപ്തിയെന്ന് പഠനം. ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശ പ്രകാരം 5000ത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസ് സ്വീകരിച്ചു 14 ദിവസം കഴിഞ്ഞവരിലാണ് ഇത്രയും ഫലപ്രാപ്തി കണ്ടെത്തിയത്. ഫെബ്രുവരി മുതൽ മെയ് ആദ്യം വരെയാണ് പഠനം നടത്തിയത്. സ്പുട്നിക് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം കോവിഡ് ബാധിതരായവരിൽ നിസാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് സ്പുട്നിക് വാക്‌സിന് ഉയർന്ന ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉണ്ടെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി ഫഈഖ ബിൻത് സെയ്ദ് അൽ സലേഹ് പറഞ്ഞു.
രാജ്യത്ത് ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം പത്തു ലക്ഷം കഴിഞ്ഞു . വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 80 ശതമാനത്തിലധികം പേരും വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സിനോഫാം, ഫൈസർ ബയോ എൻടെക്, അസ്ട്രസെനക്ക, സ്പുട്നിക് 5 എന്നീ വാക്സിനുകളാണ് നിലവിൽ രാജ്യത്ത് നൽകുന്നത്. പ്രതിദിനം 31,000 ഡോസ് വാക്സിൻ നൽകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 27 ഹെൽത്ത് സെന്റർ ഉൾപ്പെടെ 31 കേന്ദ്രങ്ങളിലൂടെയാണ് വാക്സിൻ നൽകുന്നത്. വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായും വാക്സിൻ എളുപ്പത്തിൽ ലഭ്യമാക്കാനുമുള്ള നടപടികൾ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.