മനാമ: കോവിഡ് ചികിത്സയ്ക്കായി ‘ആര്‍ഇജിഎൻ – കോവ് 2’ ‘എന്ന പുതിയ മരുന്നിൻറെ അടിയന്തിര ഉപയോഗത്തിന് ബഹ്റൈൻ അംഗീകാരം നൽകി. “മോണോക്ലോണൽ ആന്റിബോഡികൾ” എന്നറിയപ്പെടുന്ന മരുന്നുകളായ കാസിറിവിമാബിന്റെയും ഇംദേവിമാബിന്റെയും സംയോജനമാണ് ഈ മരുന്നിൽ അടങ്ങിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോടെക്നോളി കമ്പനിയായ റീജനറോൺ ആണ് പുതിയ മരുന്നിൻറെ ഉപജ്ഞാതാക്കൾ. വൈറസിനെ നിർവീര്യമാക്കുന്നതിനും വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാനുമാണ് ഈ മരുന്ന് രൂപകല്പന ചെയ്തിട്ടുള്ളത്. മിതമായ കോവിഡ് ലക്ഷണം ഉള്ളവർക്ക് REGN- COV2 അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള അനുമതി യുഎസ് എഫ് ഡി എ യിൽ നിന്നും ലഭിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തവർക്കും 12 വയസ്സും അതിനു മുകളിൽ പ്രായമുള്ള 40 കിലോ ശരീരഭാരം ഉള്ളവർക്കും ഈ മരുന്ന് നൽകാമെന്ന് യു എസ് എഫ് ഡി എ അറിയിച്ചു. കോവിഡ് ചികിത്സക്കായി രാജ്യം അംഗീകരിച്ച മരുന്നുകളുടെ പട്ടികയിൽ REGN- COV2 നെയും ഉൾപ്പെടുത്തി. കോവിഡ് ചികിത്സയ്ക്കായി ഏറ്റവും പുതിയ മരുന്നുകളും ചികിത്സകളും നൽകുന്നതിലൂടെ രാജ്യത്തെ സജീവമായ കേസുകളുടെ തീവ്രത തടയാനും തീവ്രപരിചരണത്തിനുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.
നേരത്തെ കോവിഡ് ചികിത്സക്കായി സോട്രോവിമാബ് (Vir-7831) എന്ന മോണോക്ലോണൽ ആന്റിബോഡി മരുന്നിൻറെ അടിയന്തിര ഉപയോഗത്തിനും ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകിയിരുന്നു.