മനാമ: കോവിഡ് പ്രതിരോധ വാക്‌സിനേഷൻ യജ്ഞത്തിനായ് ബഹ്‌റൈൻ നടത്തുന്ന ശ്രമങ്ങൾക്ക് പ്രശംസയുമായി ലോകാരോഗ്യ സംഘടന. രാജ്യത്തെ ഒരു ദശലക്ഷത്തിലധികം ആളുകൾ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് . ആകെ ജനസംഖ്യയിൽ വാക്‌സിൻ സ്വീകരിക്കാൻ യോഗ്യരായവരിൽ 70 ശതമാനത്തിലധികം പേരും വൈറസ്സിനെതിരെ അധിക പരിരക്ഷ സ്വീകരിച്ചത് പ്രശംസനീയമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കിഴക്കൻ മെഡിറ്ററേനിയൻ റീജിയണൽ ഓഫീസ് അറിയിച്ചു. ബഹ്‌റൈനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി ഡോ. തസ്‌നിം അതാത്ര ബഹ്‌റൈന്റെ സുപ്രധാന നേട്ടത്തെ പ്രശംസിച്ചു.
2020 ഡിസംബർ 13നാണ് ബഹ്റൈനിൽ കൊവിഡ് പ്രതിരോധ വാക്സിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ഡിസംബർ 20 മുതൽ ജനങ്ങൾ വാക്‌സിൻ സ്വീകരിച്ചു തുടങ്ങി. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ സൗജന്യമായി കോവിഡ് വാക്സിൻ നൽകാനുള്ള രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയുടെ നിര്ദേശാനുസരണമാണ് രാജ്യത്ത് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചത്.
നിലവിൽ സിനോഫാം, ഫൈസർ-ബയോ എൻടെക്, കോവിഷീൽഡ്-ആസ്ട്രസെനക്ക, സ്പുട്നിക് വി വാക്സിനുകളാണ് രാജ്യത്ത് നൽകി വരുന്നത്. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസും നൽകി തുടങ്ങിയിട്ടുണ്ട്. സിനോഫാം രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബി അവെയർ ആപ്പിൽ ലഭ്യമാകുന്ന പച്ച ഷീൽഡ് മൂന്നു മാസം കഴിയുമ്പോൾ മഞ്ഞയാകും. തുടർന്ന്, ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മാത്രമാണ് വീണ്ടും പച്ചയാവുക. നിലവിൽ 50 വയസിന് മുകളിലുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ നേരിട്ടെത്തിവാക്‌സിൻ സ്വീകരിക്കാനുള്ള സൗകര്യവുമുണ്ട്. ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഇതിനായി രണ്ട് പ്രത്യേക ഹാളുകളും ഒരുക്കിയിട്ടുണ്ട്.