മനാമ: യുനെസ്‌കോയുടെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ അധ്യാപകർക്കായി മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇന്ത്യൻ സ്‌കൂളിന്റെ ഇസാ ടൗൺ കാമ്പസിലെയും റിഫ കാമ്പസിലെയും അധ്യാപകർക്കും ഇതര ജീവനക്കാർക്കും വേണ്ടിയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ഇസാ ടൗൺ കാമ്പസിൽ ശനിയാഴ്ച (മാർച്ച് 16) നടന്ന ക്യാമ്പിൽ സൗജന്യ ആരോഗ്യ പരിശോധനയിലും ആരോഗ്യ ബോധവത്കരണ ക്യാമ്പിലും രണ്ടു ക്യാമ്പസുകളിൽ നിന്നുമുള്ള അറനൂറോളം ജീവനക്കാർ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ സ്റ്റാഫ് ക്ലബ്ബും ആരോഗ്യ, സുരക്ഷ, പരിസ്ഥിതി (എച്ച്എസ്എസ്ഇ) വകുപ്പും സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. യുനെസ്കോ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, സജി ജോർജ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫാ ക്യാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസ്സി, സ്റ്റാഫ് ക്ലബ് ജനറൽ സെക്രട്ടറി ജുനിത്ത് സി.എം, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റർ , മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, ആസ്റ്റർ ക്ലിനിക്, കിംസ് ബഹ്റൈൻ മെഡിക്കൽ സെന്റർ, അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലെ ഡോക്ടർമാർ പങ്കെടുത്തു. ഡോ. ബാബു രാമചന്ദ്രൻ, ഡോ. മീന ഖാൽകർ, ഡോ. നാടാഷാ നിക്കോളിച്ച്, പരിശീലന വിദഗ്ദ്ധരായ സുവി, ട്രീസ സജി എന്നിവരുടെ നേതൃത്വത്തിൽ ഗൈനക്കോളജി, ആരോഗ്യ സംരക്ഷണം, സ്തനാർബുദ ബോധവത്കരണം എന്നിവയിൽ സംവേദനാത്മക സെഷനുകൾ നടന്നു. അടിയന്തര സാഹചര്യങ്ങളിൽ കൃത്രിമ ശ്വാസോഛ്വാസം നൽകുന്നതിനെക്കുറിച്ചും വിശദീകരിക്കപ്പെട്ടു.
ശൈഖ് ഇസാ ബ്ളോക്കിലെ വിവിധ മുറികളിലായി നടന്ന മെഡിക്കൽ ക്യാംപിൽ ആരോഗ്യ പരിശോധക്കുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 600 ലധികം അധ്യാപകരുടെ ആരോഗ്യപരിശോധന നടന്നു. പ്രമേഹം, രക്തസമ്മര്ദം തുടങ്ങിയ പരിശോധനകൾ നടത്താനുള്ള സൗകര്യം ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യൻ സ്‌കൂൾ അധ്യാപരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് ഇന്ത്യൻ സ്‌കൂൾ പ്രതിജ്ഞാ ബദ്ധമാണെന്നു സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.