മനാമ: ബഹ്റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ തൃശ്ശൂർ ജില്ലാ പ്രസിഡന്റും വെൽകെയർ ഹെൽപ്പ് ഡെസ്ക് കൺവീനറുമായ നിഷാദ് ഇബ്രാഹിമിന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ യാത്രയയപ്പ് നല്കി. കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ജനസേവന വിഭാഗമായ വെൽകെയർ ആരംഭിച്ച ഹെൽപ്പ് ഡെസ്കിന്റെ വ്യത്യസ്തമായ സേവനങ്ങൾ പ്രചരിപ്പിക്കുന്നതിനും അർഹരായ ജനവിഭാഗങ്ങൾക്ക് വെൽകെയർ സേവനങ്ങൾ ലഭിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ സ്തുത്യര്ഹമാണ്. വെൽകെയർ പ്രവർത്തനങ്ങൾ സേവനദാതാക്കൾക്കും വെൽകെയർ സന്നദ്ധപ്രവർത്തകർക്കും ഇടയിൽ ഏകോപിപ്പിക്കുന്നതിനും ഹെൽപ്‌ഡെസ്‌ക്കിലൂടെ നൂറുകണക്കിന് നിരാലംബർക്ക് ആശ്വാസം ആകുവാനും അദ്ദേഹത്തിന് സാധിച്ചതായി യാത്രയയപ്പ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ അനുസ്മരിച്ചു. ബഹ്റൈനിൽ നിന്നും നാട്ടിൽ നിന്നും അദ്ദേഹത്തിന് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹാദരവുകൾ അതിനുള്ള തെളിവാണ്. പ്രയാസപ്പെടുന്ന ആളുകൾക്ക് ഏതുസമയത്തും ബന്ധപ്പെടാവുന്ന സ്തുത്യർഹമായ വ്യക്തിത്വമാണ് അദ്ദേഹത്തിന് എന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. മുഹമ്മദ് എറിയാട്, മുഹമ്മദലി മലപ്പുറം, ഫസലുറഹ്മാൻ പൊന്നാനി, അബ്ദുൽ ഗഫൂർ മൂക്കുതല, യു കെ നാസർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു. സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ ഉപഹാരം പ്രസിഡന്റ് ബദ്റുദ്ദീൻ പൂവാർ അദ്ദേഹത്തിനു കൈമാറി.