മനാമ: കഴിഞ്ഞ പത്തു ദിവസത്തിലധികമായി രാജ്യത്ത് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ. ഈ വർഷം ജനുവരിക്ക് ശേഷം ആദ്യമായാണ് തുടർച്ചയായി ഇത്രയും ദിവസം ബഹ്‌റൈനിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപെടാത്തത്. യു എ ഇ, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ തുടങ്ങിയ മേഖലയിലെ മറ്റു രാജ്യങ്ങളിൽ ഇപ്പോഴും വൈറസ് മൂലം മരണപെടുന്നവരുടെ കണക്കുകൾ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്. ജൂലൈ 29 നാണ് ബഹ്റൈനിൽ അവസാനമായി വൈറസ് ബാധിച്ച് ഒരു മരണം രജിസ്റ്റർ ചെയ്തത്. ബഹ്റൈന് ഒപ്പം ജൂലൈ 28 മുതൽ ഖത്തറിലും വൈറസ് മൂലം മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തെ വൈറസ് മൂലമുള്ള മരണനിരക്ക് കുറയുന്നതായും ഗുരുതരാവസ്ഥായിൽ ഉള്ളവരുടെ എണ്ണം കുറയുന്നതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. 0.75 ശതമാനമാണ് നിലവിലെ രാജ്യത്തെ 14 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 40 വയസിന് മുകളിലുള്ള സിനോഫാം വാക്‌സിൻ സ്വീകരിച്ച 80 ശതമാനം പേരും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കും വരെ രാജ്യം യെല്ലോ ലെവൽ നിയന്ത്രണങ്ങളിലൂടെയാവും കടന്നുപോവുകയെന്ന് ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് വ്യക്തമാക്കിയിരുന്നു.