മനാമ: സ്പുട്നിക് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസിൻറെ ഫലപ്രാപ്തിയെക്കുറിച്ച് മനസ്സിലാക്കുന്നതിനായി പഠനം നടത്തുന്നു. ആറുമാസം മുമ്പ് സ്പുട്നിക് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച വ്യക്തികൾക്ക് പരീക്ഷണത്തിൽ പങ്കെടുക്കാം. ഫൈസർ-ബയോ എൻടെക് അല്ലെങ്കിൽ സ്പുട്നിക് വി ബൂസ്റ്റർ ഡോസാണ് പഠനത്തിന് ഉപയോഗിക്കുന്നത്. പഠനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള യോഗ്യരായ വ്യക്തികൾക്ക് healthalert.gov.bh അല്ലെങ്കിൽ ബി അവെയർ ബഹ്റൈൻ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാം.
ഫൈസർ, ആസ്ട്രസെനക എന്നീ വാക്സിനുകൾ സ്വീകരിച്ച 60 കഴിഞ്ഞവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. ഇതിനുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ആരംഭിച്ചു.
ഈ വാക്സിനുകൾ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഒക്ടോബർ ഒന്നുമുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ ബിവെയർ ആപ്പിൽ ഗ്രീൻ ഷീൽഡിന് പകരം യെല്ലോ ഷീൽഡാണുണ്ടാവുക. ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ പച്ചയായി മാറുകയും ചെയ്യും. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നത് നേരത്തേതന്നെ ആരംഭിച്ചിരുന്നു.