മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബഹ്‌റൈൻ രാജാവുമായും വിവിധ മന്ത്രിമാരുമായും കൂടിക്കാഴ് നടത്തി. കിംഗ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, തൊഴിൽ- സാമൂഹിക വികസന മന്ത്രി ജമിൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നവരുമായാണ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങളിൽ വി മുരളീധരൻ ചർച്ച നടത്തിയത്. നേരത്തെ കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽഖലീഫയുമായും ചർച്ച നടത്തിയിരുന്നു.
സഖീർ പാലസിൽ കിംഗ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണർത്തുന്നതാണെന്ന് വിലയിരുത്തി.
പൊതു ആശങ്കയുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അവയുടെ പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങളും അഫ്ഗാനിസ്ഥാനിലെ വികസനത്തിനും സ്ഥിരതയ്ക്കുമുള്ള അന്താരാഷ്ട്ര പിന്തുണയുടെ പ്രാധാന്യവും ഇരുവരും ചർച്ചചെയ്തു.
ബഹ്റെെൻ ജനതയുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കുമായി ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസകൾ അറിയിച്ചതായി വി മുരളീധരൻ രാജാവിനെ അറിയിച്ചു. ബഹ്റൈൻെറ വളർച്ചയിലും പുരോഗതിയിലും പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന് ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും അവ വികസിപ്പിക്കുന്നതിനും മാനുഷിക വികസനത്തിനും സാമൂഹിക പരിപാലനത്തിലുമുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും, ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മാർഗങ്ങളും തൊഴിൽ- സാമൂഹിക വികസന മന്ത്രി ജമിൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വി മുരളീധരനുമായി ചർച്ച നടത്തി.
വിവിധ മേഖലകളിൽ ബഹ്‌റൈന്റെ മുന്നേറ്റത്തിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് തൊഴിൽ മന്ത്രി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ കുറിച്ച് വി മുരളീധരനും ഊന്നിപ്പറഞ്ഞു.
ബഹ്റെെൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനീയുമായി നടത്തിയ കൂടിക്കാഴ്ചയിലും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ചരിത്ര സൗഹാർദ്ദ ബന്ധങ്ങളെയും എല്ലാ തലങ്ങളിലും അവർ തമ്മിലുള്ള സഹകരണം വളർത്താനും നടത്തുന്ന പ്രവർത്തനങ്ങൾക്ക് വി മുരളീധരൻ വിദേശകാര്യമന്ത്രിയെ പ്രശംസിച്ചു. കഴിഞ്ഞ ഏപ്രിലിൽ ന്യൂഡൽഹിയിൽ നടന്ന ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സംയുക്ത ഉന്നത സമിതിയുടെ മന്ത്രിതല യോഗത്തിന്റെ ഫലങ്ങൾ വിദേശകാര്യ മന്ത്രി അവലോകനം ചെയ്തു.