മനാമ: കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളുടെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 430 ഹെയർ സലൂണുകളും ബ്യൂട്ടി പാർലറുകളും മസാജ് ഔട്‍ലെറ്റുകളും ആരോഗ്യ മന്ത്രാലയം പരിശോധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാർ ജീവനക്കാരുടെ മെഡിക്കൽ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും ബഹ്‌റൈൻ ഹെൽത്ത് പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുകയും ചെയ്തു.
ആരോഗ്യ മന്ത്രി 2020 ൽ പുറപ്പെടുവിച്ച ഉത്തരവ് 15 അനുസരിച്ചാണ് പരിശോധനാ കാമ്പെയ്ൻ. ട്രേഡിംഗ്, ഇൻഡസ്ട്രിയൽ ഔട്ട്ലെറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ആനുകാലിക മെഡിക്കൽ സ്ക്രീനിംഗ് നിർബന്ധമാക്കിക്കൊണ്ടാണ് കാമ്പയ്ൻ .
ഫുഡ് കൺട്രോൾ ഇൻസ്പെക്ടർമാർ കഴിഞ്ഞ മാസം 952 ഫീൽഡുകൾ സന്ദർശിച്ചു. റെസ്‌റ്റോറന്റുകളിലും മറ്റും ആരോഗ്യ ചട്ടങ്ങൾ ജീവനക്കാർ നിർബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയായിരുന്നു ഇത് .
ആരോഗ്യ മന്ത്രാലയം ഔട്ട്ലെറ്റുകളുടെ ഉടമകളോട് 2020 ലെ 14 -ലെ വിധി പൂർണ്ണമായും പാലിക്കണമെന്നും ഓരോ രണ്ട് വർഷത്തിലും ജീവനക്കാരുടെ മെഡിക്കൽ ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നത് ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. കൂടാതെ സർട്ടിഫിക്കറ്റുകൾ നിയമാനുസൃതമല്ലാത്ത ജീവനക്കാരെ പകർച്ചവ്യാധി ഇല്ലെന്ന പുതിയ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതുവരെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.