മനാമ: ബഹ്‌റൈനിൽ രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനും സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഓർമ്മപ്പെടുത്തി ആരോഗ്യ മന്ത്രാലയം. സിനോഫാം രണ്ട് ഡോസും സ്വീകരിച്ച 18നും 39നും ഇടയിൽ പ്രായമുള്ളവർ 6 മാസത്തിന് ശേഷവും, 40 ന് മുകളിലും പ്രതിരോധ ശേഷി കുറഞ്ഞ രോഗികളായ 40 വയസ്സിന് താഴെയുള്ളവർ രണ്ടാം ഡോസ് കഴിഞ്ഞ് 1 മാസത്തിനുശേഷവും സിനോഫാമിൻറെ അല്ലെങ്കിൽ ഫൈസർ വാക്സിന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.
ഫൈസർ ബയോ എൻടെക് വാക്‌സിൻ രണ്ട് ഡോസും എടുത്ത 60 വയസ്സിന് മുകളിലും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകൾക്ക് 6 മാസത്തിന് ശേഷം ഫൈസറിന്റെ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.
കോവിഷീൽഡ് അസ്ട്രസനെക്ക എടുത്ത 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് 6 മാസത്തിന് ശേഷം ഇതിന്റെ തന്നെ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതും 60 വയസിന് മുകളിലുള്ളവരും രോഗ പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗത്തിലുള്ളവരും 6 മാസത്തിന് ശേഷം ഫൈസറിന്റെയോ കോവിഷീൽഡിന്റെയോ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടതാണ്.
സ്പുട്നിക് വി വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും 6 മാസത്തിന് ശേഷം അതിന്റെ തന്നെ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്. കൂടാതെ രണ്ട് വാക്സിനും സ്വീകരിച്ചതിനുശേഷം കൊവിഡ് ബാധിതരായി രോഗമുക്തി നേടിയവർ 12 മാസത്തിനുശേഷം മാത്രം ബൂസ്റ്റർ ഡോസ് സ്വീകരിച്ചാൽ മതിയാകുമെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി.