കേരളത്തോടൊപ്പം ഗൾഫിലും മിഅ്‌റാജ് ദിനം നാളെ; ബഹ്റൈനിലെങ്ങും സമസ്തയുടെ മിഅ്റാജ് ദിന പ്രഭാഷണങ്ങളും പ്രാര്‍ത്ഥനാ സദസ്സുകളും ഇന്ന്(ചൊവ്വ)

>>മിഅ്റാജ് ഐഛിക വൃതാനുഷ്ഠാനം ബുധനാഴ്ച
മനാമ: കേരളത്തോടൊപ്പം ഗള്‍ഫ് രാഷ്ട്രങ്ങളും ബുധനാഴ്ച മിഅ്റാജ് ദിനമായി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് മിഅ്റാജ് രാവായ ഇന്ന് (ഏപ്രില്‍ 2, ചൊവ്വ) ബഹ്റൈനിലെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ബഹ്റൈനിലുടനീളം സമസ്ത മിഅ്റാജ് ദിന പ്രഭാഷണവും പ്രത്യേക പ്രാർത്ഥനാ സദസും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ സമസ്ത ബഹ്റൈന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഇസ്റാഅ് മിഅ്റാജ്‌ ദിനം ലോകത്തെങ്ങുമുള്ള വിശ്വാസികള്‍ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്.
മുഹമ്മദ് നബി(സ)യെ ഒരു റജബ് 27ാം രാവില്‍ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് ഫലസ്ഥീനിലുള്ള മസ്ജിദുൽ അഖ്സാ വരെ ജിബ്രീല്‍ മാലാഖയോടൊപ്പം സഞ്ചരിച്ച രാത്രിയാത്രക്കാണ് ഇസ്റാഅ്(രാപ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെയാണ് മിഅ്റാജ്(ആകാശാരോഹണം) എന്നും പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്.
പാപമോചനത്തിനും ഉത്തരം ലഭിക്കുന്ന പ്രാര്‍ത്ഥനകള്‍ക്കും ഏറെ സ്വീകാര്യമായ ശ്രേഷ്ഠകരമായ ഈ രാവിന്‍റെ പ്രാധാന്യവും മഹത്വവും വിശദീകരിക്കുന്ന പ്രഭാഷണങ്ങളാണ് ഇന്ന് (ചൊവ്വാഴ്ച) ബഹ്റൈനിലെ വിവിധ ഏരിയകളിലായി സമസ്ത സംഘടിപ്പിക്കുന്നത്.
സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ നടക്കുന്ന മിഅ്റാജ് ദിന പ്രഭാഷണം ഇന്ന്(ചൊവ്വാഴ്ച) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന മിഅ്റാജ് ദിന സന്ദേശത്തിനും പ്രാര്‍ത്ഥനക്കും സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. കൂടാതെ ബഹ്റൈനിലെ വിവിധ ഏരിയാ കേന്ദ്രങ്ങളിലും പ്രത്യേക മിഅ്റാജ് അനുസ്മരണ സംഗമങ്ങള്‍ നടക്കും.
സമസ്ത നേതാക്കളുടെ അറിയിപ്പനുസരിച്ച്  കേരളത്തിലും ഇത്തവണ മിഅ്റാജ് രാവ് ചൊവ്വാഴ്ച രാത്രിയാണ്. ഇതോടനുബന്ധിച്ചുള്ള പ്രത്യേക സുന്നത്ത് നോന്പ് (ഐഛിക വൃതം) അനുഷ്ഠിക്കേണ്ടത് ബുധനാഴ്ചയുമാണെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.