മനാമ: 18 വയസ്സും അതിൽ കൂടുതലുമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരത്തോടെയാണ് നടപടി. ആറു മാസമെങ്കിലും മുമ്പ് ഫൈസർ-ബയോഎൻടെക്, ആസ്ട്ര സെനക്ക (കോവി ഷീൽഡ്), അല്ലെങ്കിൽ സ്പുട്നിക് വി വാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത.
യോഗ്യരായ വ്യക്തികൾക്ക് ഫൈസർ-ബയോഎൻടെക് വാക്സിൻ ബൂസ്റ്റർ ഡോസായി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ നേരത്തെ സ്വീകരിച്ച അതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസ് ആയി തിരഞ്ഞെടുക്കാം.
കുറഞ്ഞത് മൂന്നു മാസം മുമ്പ് സിനോഫാം വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച 18 മുതൽ 39 വരെ പ്രായമുള്ളവർക്കും ബൂസ്റ്റർ ഡോസ് എടുക്കാനാകുമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി പറഞ്ഞു. നേരത്തെ ഇവർക്ക് ആറു മാസം കഴിയണമെന്നാണ് നിർദേശിച്ചിരുന്നത്.
കോവിഡ് -19ൽ നിന്ന് സുഖം പ്രാപിക്കുകയും ഫൈസർ-ബയോഎൻടെക് വാക്സിൻ ഒരു ഡോസ് നേടുകയും ചെയ്ത വ്യക്തികൾക്കുള്ള ഫൈസർ-ബയോൺടെക് വാക്സിൻ രണ്ടാം ഡോസിനുള്ള അംഗീകാരവും പ്രഖ്യാപിച്ചു. രോഗമുക്തി നേടിയ വ്യക്തികൾക്ക് അണുബാധയുടെ തീയതി മുതൽ മൂന്നു മാസം കഴിഞ്ഞ് വാക്സിനും 12 മാസം കഴിഞ്ഞ് ഒരു ബൂസ്റ്റർ ഡോസും ലഭിക്കും.
കോവിഡ് -19നെ പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ബഹ്റൈൻറെ പരിശ്രമങ്ങൾക്കനുസൃതമായാണ് വാക്സിനേഷൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതെന്ന് സമിതി അറിയിച്ചു. ബി അവെയർ ആപ് വഴിയോ മന്ത്രാലയത്തിൻറെ വെബ്സൈറ്റ് (healthalert.gov.bh) വഴിയോ വാക്സിനും ബൂസ്റ്റർ ഡോസിനും രജിസ്റ്റർ ചെയ്യാവുന്നതാണ്.