ബഹ്‌റൈൻ കെഎംസിസി ഓഫീസ് ഔദ്യോഗിക ഉദ്ഘാടനം 24 ന്

മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം 24 ന് നടക്കും. മനാമ ബസ്റ്റാന്റിന് സമീപമുള്ള ശൈഖ് റാഷിദ്‌ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് 24 ന് വൈകുന്നേരം 6.30ന് പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങളാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യ പ്രഭാഷണം നിർവഹിക്കും.

ഏതാനും മാസങ്ങൾക്ക് മുമ്പ് സോഫ്റ്റ് ഓപ്പണിങ് നടത്തി ഓഫീസ് തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഔദ്യോഗിക ഉദ്ഘാടനം നടത്താൻ സാധിച്ചിരുന്നില്ല.

നാലരപ്പതിറ്റാണ്ടിലേറെയുള്ള യാത്രയിൽ ബഹ്‌റൈൻ കെഎംസിസിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഒരു അടയാളപ്പെടുത്തലാണിത്.

ഗൾഫ് മേഖലയിലെ കെ എം സി സി യുടെ ഏറ്റവും വലിയ ഓഫീസെന്ന് വിശേഷിപ്പിക്കാവുന്നത് ഏറെ അഭിമാനമുള്ളതാണ് , 6,500 സ്‌ക്വയർ ഫിറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ഓഫീസിൽ ഓരോ ജില്ലാ കമ്മറ്റികൾക്കും, സി എച്ച് സെന്ററിനും പ്രത്യേകം ഓഫീസും പൊതു പരിപാടികൾക്കായി രണ്ട് ഹാളുകളും ലൈബ്രറിയും, പ്രാർത്ഥന ഹാളും , പ്രത്യക കോൺഫ്രൻസ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

സംഘ ശക്തിയുടെയും കൂട്ടുത്തരവാദിത്ത്വത്തിന്റെയും കരുതലിൽ പിറന്ന ഈ ആസ്ഥാന മന്ദിരം ഒരോ കെ എംസി സി പ്രവർത്തകന്റെയും വിയർപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായാണ് യാഥാർഥ്യമായത്.

ഇതിനു വേണ്ടി ഒരുപാട് പേർ, സാമ്പത്തികമായും ശാരീരികമായും മാനസികമായും പിന്തുണ നൽകിയിട്ടുണ്ട്. എന്നും കെ എം സി സി യെ ചേർത്തു പിടിച്ചത്പോലെ മുന്നോട്ടുള്ള യാത്രയിലും ഈ സഹകരണം പ്രതീക്ഷിക്കുന്നു .

ഏവരുടെയും പ്രാർത്ഥനകളും ആശീർവാദങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം ഉത്ഘാടന ചടങ്ങ് നിലവിലെ സാഹചര്യത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരിക്കും നടക്കുക എന്നും സംഘാടകർ വ്യക്തമാക്കി .
കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ വൈസ് പ്രസിഡന്റുമാരായ ഗഫൂർ കൈപ്പമംഗലം , ഷാഫി പാറക്കട്ട എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു ..