മനാമ: ബഹ്‌റൈൻ കെ. സി. എ. ഹാളിൽ വെച്ചു നടന്ന യുഡിഎഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ഫാസിസത്തെ ഉന്മൂലനം ചെയ്യാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ബഹ്‌റൈൻ യു. ഡി. എഫ്. ചെയർമാൻ രാജു കല്ലുമ്പറം അധ്യക്ഷനായിരുന്നു, കെ.എം.സി.സി. മുൻ പ്രസിഡന്റ് സി.കെ. അബ്ദുറഹ്മാൻ യോഗം ഉദ്ഘാടനം നിർവഹിച്ചു
പ്രിയപ്പെട്ട ഇന്ത്യ, സഹസ്രാബ്ദങ്ങളുടെ സംസ്കാരമുള്ള സുന്ദരമായ ഒരാശയം ഉയിർകൊള്ളുന്ന നമ്മുടെ ഭാരതം ജാതിയുടെ പേരിൽ മതത്തിന്റെ പേരിൽ, ഭാഷയുടെ പേരിൽ വർഗത്തിന്റെ പേരിൽ, ഭക്ഷണത്തിന്റെ പേരിൽ, വസ്ത്രത്തിന്റെ പേരിൽ വെട്ടി നുറുക്കപ്പെടാൻ പാടില്ല. 117 കോടി ജനങ്ങളുടെ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു മതത്തിന്റെ പേര് വിളിച്ചു അഭിസംബോധനം ചെയ്യുന്ന തലത്തിലേക്ക് നമ്മുടെ ഭാരതം മാറിയിട്ടുണ്ടെങ്കിൽ അതിൽ നിന്നൊരു മാറ്റം അനിവാര്യമാണെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു പറഞ്ഞു.
നമ്മുടെ മലയാള മനസ്സിനെ വേദനിപ്പിച്ച പിഞ്ചു മോന്റെ വേർപാടിൽ മനം നൊന്തുരുകിയ ദുരന്തത്തിന്റെ വേദനയുമായി തുടങ്ങിയ ഫൈസൽ ബാബുവിന്റെ വാഗ്ദ്ധോരണി തിങ്ങി നിറഞ്ഞ സദസ്സ് സാകൂതം കേട്ടിരിക്കുകയായിരുന്നു.
2019 ലെ തെരെഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണോ എന്ന ചോദ്യചിഹ്നവുമായാണ് നമ്മുടെ മുമ്പിൽ നിലകൊള്ളുന്നത്. ഫാസിസം അടക്കിവാണ ദുരന്തങ്ങളുടെ അഞ്ചു വര്ഷം നമ്മുടെ ഓർമ്മയിൽ ഉയർന്നു വരേണ്ടതുണ്ട്, രാജ്യത്തിൻറെ പ്രതീക്ഷയായ ഇന്ത്യയുടെ ധീരനായ പുത്രൻ രാഹുൽ ഗാന്ധിയുടെ മുഖം അതോടൊപ്പം നമ്മുടെ മുമ്പിൽ തെളിയേണ്ടതുമുണ്ട്.
സെൽഫി എടുക്കാൻ വരുന്നവരെ കടക്കൂ പുറത്ത് എന്ന അഹങ്കാരത്തിന്റെ ധാർഷ്ട്യത്തിന് മറുപടി പറയാനും, യൗവന കാലത്തിൽ തന്നെ അരിഞ്ഞു വീഴ്ത്തപ്പെടുന്ന അക്രമ രാഷ്ട്രീയത്തിന് മറുപടി പറയാനും ഈ തിരഞ്ഞെടുപ്പ് നമ്മൾ ഉപയോഗിക്കേണ്ടതുണ്ട്. എ കെ ജി സെന്ററിൽ നിന്നും, മാരാർ ഭവനിലേക്കുള്ള ദൂരം വളരെ ലോലിച്ചു കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യം ഉൾക്കൊണ്ട് കൊണ്ട് ഇരു സർക്കാറുകൾക്കുമെതിരെയുമുള്ള ഒരു വിധിയെഴുത്തായി കേരളത്തിലെ ഇരുപത് മണ്ഡലങ്ങളും യുഡിഎഫ് പക്ഷത്ത് നിലയുറപ്പിക്കേണ്ടുന്നതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു. ബിനു കുന്ദംദാനം, കുട്ടൂസ മുണ്ടേരി, ഹബീബ് റഹ്മാൻ, കെ.സി. ഫിലിപ്പ് തുടങ്ങിയവർ ആശംസകൾനേർന്നു. യു.ഡി.എഫ്. കൺവീനർ എസ്. വി. ജലീൽ സ്വാഗതവും അസൈനാർ കളത്തിങ്കൽ നന്ദിയും പറഞ്ഞു.