മനാമ: ബഹ്റൈനിൽ തുടർച്ചയായ ആറാം ദിനവും റെക്കോർഡ് പ്രതിദിന കോവിഡ് കേസുകൾ രേഖപ്പെടുത്തി. 6,745 പേർക്ക് കൂടിയാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ജനുവരി 30ന് 24 മണിക്കൂറിനിടെ 31,036 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. കഴിഞ്ഞ ദിവസം 6,708 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 42,613 ആയി.
അതേസമയം 3,801 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 324,747 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട മൂന്ന് പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 1407 ആയി. 8,751,478 പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,223,635 പേർ ഇതുവരെ ഓരോ ഡോസും 1,193,541 പേർ രണ്ട് ഡോസും 937,569 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.









