bahrainvartha-official-logo
Search
Close this search box.

പ്രവാസി സമൂഹത്തെ അവഗണിച്ച ബജറ്റ്- സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍

swa

മനാമ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ഇന്ത്യയിലെ 18 ദശലക്ഷം വരുന്ന പ്രവാസി സമൂഹത്തെ സമ്പൂര്‍ണ്ണമായി അവഗണിച്ച ബജറ്റ് ആണെന്ന് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഇറക്കിയ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഫോറിന്‍ റിസര്‍വിന്റെ ഏകദേശം 13 ശതമാനത്തോളം സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസികളെ കേന്ദ്രബജറ്റില്‍ സമ്പൂര്‍ണമായി അവഗണിച്ചു. എണ്ണവില തകര്‍ച്ചയും സ്വദേശിവത്കരണവും കോവിഡും തൊഴില്‍ നഷ്ടപ്പെടുത്തിയ പ്രവാസികളുടെ പുനരധിവാസത്തിനും പ്രവാസികളുടെ ക്ഷേമത്തിന് ഉപകാരപ്പെടുന്ന പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും ബജറ്റില്‍ യാതൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. കോവിഡ് മൂലം വിദേശത്ത് മരണപ്പെട്ടുപോയ പ്രവാസികളെയും ബജറ്റ് കണ്ടില്ലെന്നു നടിച്ചു.

രാജ്യം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയെ മറികടക്കാനോ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കാനോ ബജറ്റ് പര്യാപ്തമല്ല. സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന കാര്യങ്ങള്‍ക്കല്ല ബജറ്റ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സാധാരണക്കാരന്റെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് തഴച്ചു വളരാനുള്ള അവസരം ഉണ്ടാക്കുന്നതുമാണ് കേന്ദ്ര ബജറ്റ്. വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ പരിഹരിക്കുവാനോ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുവാനോ ബജറ്റിനു സാധിച്ചിട്ടില്ല. നഗര മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുകയും ഗ്രാമ മേഖലയെ അവഗണിക്കുകയും ചെയ്യുന്നതാണ് യൂണിയന്‍ ബജറ്റ്. പെട്രോളിയം നികുതിയിലെ വര്‍ദ്ധനവും ജി.എസ്.ടിയിലെ സ്ലാബ് മാറ്റവും വഴിയാണ് വരുമാന വര്‍ദ്ധനവിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രൂപയുടെ മൂല്യത്തില്‍ ഗണ്യമായ ഇടിവുള്ളതിനാല്‍ ആദായ നികുതി പരിധി മാറ്റമില്ലാത്തത് ഫലത്തില്‍ നികുതി വര്‍ദ്ധനക്ക് തുല്യമാണ്.

നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതം 1.11 ലക്ഷം കോടിയില്‍ നിന്ന് 73000 കോടിയായി വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്‌സിഡി, കാര്‍ഷിക സബ്‌സിഡി എന്നിവയുടെ തുക വെട്ടിക്കുറച്ചതും കോവിഡ് പ്രതിരോധത്തിന്റെ തുക കുറച്ചതും എല്ലാം സാധാരണ ജനങ്ങളുടെ മുതുകില്‍ ഭാരങ്ങളായാണ് വരുന്നത്. രാജ്യത്ത് വിലക്കയറ്റം ശക്തിപ്പെടുത്തുന്ന നിലവിലെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ പരിതാപകരമാക്കുന്ന നിര്‍മാണാത്മകമോ ഭാവനാത്മകോ ആയ യാതൊരു നിര്‍ദ്ദേശവും ബജറ്റാണ് എന്നും സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!