bahrainvartha-official-logo
Search
Close this search box.

പലിശ വിരുദ്ധ ബോധവൽക്കരണ പ്രവർത്തനം വിപുലപ്പെടുത്തും: പലിശ വിരുദ്ധ ജനകീയ സമിതി

blade
മനാമ: പലിശ വിരുദ്ധ സമിതിയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുകയും പലിശ വിരുദ്ധ ബോധവൽക്കരണ കൺവെൻഷനുകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ അറിയിച്ചു.
സാധാരണക്കാരായ പ്രവാസികളെ നിയമവിരുദ്ധമായി വീണ്ടും പലിശക്കാർ  ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. പാസ്‌പോർട്ടും ബ്ലാങ്ക് പേപ്പറിലും അല്ലാതെയും ഒപ്പിട്ടു നൽകിയ മറ്റു രേഖകളും പലിശക്കാർക്ക് നൽകിയാണ് മിക്കവരും പലിശ മാഫിയയിൽ നിന്നും പണം വാങ്ങുന്നത്. വാങ്ങിയ കാശിന്റെ എത്രയോ മടങ്ങ് തിരിച്ചു കൊടുത്താലും ഇവരുടെ ചൂഷണത്തിൽ നിന്നും പലർക്കും മുക്തമാവാൻ സാധിക്കാത്തതിൻറെ നിരവധി ആവലാതികൾ ബഹ്റൈനിലെ പലിശ വിരുദ്ധ സമിതിയുടെ മുമ്പാകെ വരുന്ന സാഹചര്യത്തിലാണ്  ഇത്തരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
പലിശ മുടങ്ങിയാൽ പിന്നെ ഭീഷണിയും അക്രമവുമാണ്. നേരത്തെ ഒപ്പിട്ടു കൊടുത്ത ബ്ളാങ്ക് മുദ്രപത്രത്തിൽ പലിശക്കാരന് ഇഷ്ടമുള്ള തുക എഴുതി ചേർത്ത് കള്ളക്കേസ് കൊടുക്കുകയും ചെയ്യും. കോടതിയിൽ യാത്രാ വിലക്ക് നേരിടുന്ന ഇരകളിൽ പലരും ദൂരെയുള്ള മുഴുവൻ സമ്പാദ്യവും നൽകി പലിശക്കാരുടെ പിടിയിൽ നിന്നും എങ്ങിനെയെങ്കിലും ഒഴിവാകാൻ ശ്രമിക്കുന്നതായി കാണാം. അതിന് കഴിയാത്തവർ ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു. അതുകൊണ്ട് യാതൊരു കാരണവശാലും തങ്ങളുടെ പാസ്പോർട്ടോ ഒപ്പിട്ട  ബ്ലാങ്ക് മുദ്രപത്രമോ ഈടായി പലിശക്കാർക്ക് നൽകരുതെന്നും സമിതി  ഭാരവാഹികൾ പറഞ്ഞു.
തങ്ങളുടെ വരവിനനുസരിച്ചു ജീവിക്കാൻ ഇനിയും മലയാളികൾ പഠിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മയും ധൂർത്തും പൊങ്ങച്ചവും വഴി വിട്ട ജീവിത ശൈലിയുമൊക്കെയാണ് പലരെയും പലിശക്കെണിയിൽ എത്തിക്കുന്നത്. കുടുംബത്തെ കരകയറ്റാൻ പ്രവാസജീവിതം തിരഞ്ഞെടുത്തവർ  നാട്ടിലുള്ള കുടുംബത്തെയോർക്കാതെ വഴിവിട്ട ജീവിതം നയിക്കുന്നതിനും പണം വെച്ചുള്ള ചീട്ടുകളിക്കു വേണ്ടിയും പലിശക്ക് പണം എടുക്കുന്നവരും കുറവല്ല. ഒരിക്കൽ പലിശക്കാരുടെ കെണിയിൽ പെട്ടാൽ പിന്നീട് അതിൽ നിന്നും ഊരിപോവുക അത്ര എളുപ്പമുള്ള കാര്യമല്ല. പരമാവധി ഇവരുമായി ഇടപാടുകൾ നടത്താതിരിക്കുക എന്നതാണ് ഇതിനുള്ള പോംവഴി എന്നും സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
പലിശവിരുദ്ധ സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും  പലിശക്കെണിയിൽ പെട്ട് പ്രയാസമനുഭവിക്കുന്നവർക്കും  സമിതി ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദിജീഷ് സ്വാഗതവും മനോജ് വടകര  നന്ദിയും പറഞ്ഞു. പ്രവർത്തക സമിതി അംഗങ്ങളായ വിനു കൃസ്റ്റി, മണിക്കുട്ടൻ, ബദറുദ്ധീൻ പൂവാർ, അഷ്‌കർ പൂഴിത്തല, ഷാജി മൂതല തുടങ്ങിയവർ സംസാരിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!