മനാമ: ‘ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിച്ചുവരുന്ന ക്യാമ്പയിന്റെ ഭാഗമായി റിഫ ഏരിയ വനിത വിഭാഗം ‘തദബ്ബുർ: ഖുർആനിൻ്റെ ആഴങ്ങളിലേക്ക്’ എന്ന വിഷയത്തിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. വെസ്റ്റ് റിഫ ദിശ സെൻ്ററിൽ നടന്ന പരിപാടിയിൽ ഹനാൻ അബ്ദുറഹ്മാൻ വിഷയാവതരണം നടത്തി. വിശുദ്ധ ഖുർആൻ കേവല പാരായണത്തിന് വേണ്ടി മാത്രമുള്ള ഗ്രന്ഥമല്ലെന്നും മറിച്ച് അതിലെ ആഴത്തിലുള്ള ആശയങ്ങളെയും തത്വങ്ങളെയും ചിന്തയിലൂടെ ഉൾക്കൊണ്ട് ജീവിതത്തിൽ പകർത്തുകയാണ് തദബ്ബുർ കൊണ്ട് അർത്ഥമാക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ദൈവം നൽകിയ ബുദ്ധി ഉപയോഗിച്ച് നേരായ ദിശയിൽ സഞ്ചരിക്കുമ്പോഴാണ് ജീവിതത്തെ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ദിശാബോധം ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന ചർച്ചയിൽ ഖുർആനിൽ പ്രതിപാദിക്കുന്ന വിശ്വാസം, ആരാധന, വിവാഹമോചനം, അനന്തരാവകാശം, നീതി, പാപം, പ്രായശ്ചിത്തം, സാക്ഷ്യം തുടങ്ങി വിവിധ വിഷയങ്ങൾ വിശകലനം ചെയ്തു. ഈ വിഷയങ്ങളിൽ സ്ത്രീകളെ സംബന്ധിച്ച ഖുർആൻ്റെ കാഴ്ചപ്പാടുകളും ചർച്ചയ്ക്ക് വിധേയമായി. ഖുർആനിക അധ്യാപനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളെ സമീപിക്കേണ്ട രീതിയെക്കുറിച്ച് പങ്കെടുത്തവർ തങ്ങളുടെ അനുഭവങ്ങളും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. ശംല ശരീഫിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ഹെന ഹാരിസ്, റെന ഫാത്തിമ, സജ്ന ജസീം, ലിയാന, ഷിജിന ആഷിക്, ഫസീല മുസ്തഫ, ബുഷ്റ സമീർ, വഫ ഷാഹുൽ, റസീന ടീച്ചർ, ഹാജറ ഇസ്മായിൽ, നസീല ഷഫീഖ്, സോന സക്കരിയ, സൗദ പേരാമ്പ്ര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബുഷ്റ റഹീം മോഡറേറ്ററായിരുന്നു. മുബീന സുൽത്താൻ സമാപനം നിർവഹിച്ചു.









