ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മത്സ്യ ചന്തയായ ദുബൈ വാട്ടർ ഫ്രണ്ട് മാർക്കറ്റിലെ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. വാട്ടർ ഫ്രണ്ട് മാർക്കറ്റ് നടത്തിപ്പ്കാരായ ഇത്ര ദുബായി സി ഇ ഒ ഇസ്സാം ഗലധാരിയാണ് നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്‌തത്.
ഗ്രൂപിന്റെ 165 മത് ഹൈപ്പർ മാർക്കറ്റാണിത്. ദേര കോർണിഷിലെ അൽ ഖലീജ് റോഡിനടുത്തായിട്ടാണ് 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുള്ളത്. ഫ്രഷ് ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി ലഭ്യമാകുന്നത്.
ഇൻവെസ്റ്റ്മെന്റ് കോർപറഷൻ ഓഫ് ദുബൈയുടെ ഉപസ്ഥാപനമാണ് ഇത്ര ദുബായ്. പന്ത്രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള വാട്ടർ ഫ്രണ്ട് മാർക്കറ്റിൽ ലോകോത്തര സൗകര്യങ്ങളോടെയാണ് മത്സ്യം , മാംസം, പഴം പച്ചക്കറികൾ, എന്നിവ ഉപഭോക്താക്കൾക്കായി ലഭ്യമായിട്ടുള്ളത്.
ദേരയുടെ ഹൃദയ ഭാഗത്ത് ഉപഭോക്താക്കളെ തൃപ്തികരമായി സേവിക്കാൻ സാധിക്കുന്നതിൽ എറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പറഞ്ഞു. വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ ആദ്യകാല ഷോപ്പിങ് സെന്റർ ആരംഭിച്ചത് ഈ പ്രദേശത്തിനടുത്താണ് . ദുബായിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ദേരയിൽ ആധുനിക രീതിയിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിട്ടുള്ളത് .
വാട്ടർ ഫ്രണ്ട് മാർക്കറ്റുമായുള്ള പങ്കാളിത്തം ദേരയിലെയും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ ഉപഭോക്താക്കൾക്ക് ലോകത്തര ഷോപ്പിംഗ് അനുഭവം ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .
ലുലുവിന്റെ വരവ് ദുബായ് വാട്ടർ ഫ്രണ്ട് മാർക്കറ്റിന്റെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുമെന്ന് ഇത്ര ദുബായ് സി ഇ ഒ ഇസ്സാം ഗലദാരി പറഞ്ഞു. ലുലുവുമായുള്ള പങ്കാളിത്തം പുതിയ വികസന കുതിപ്പിനിടയാക്കുമെന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് ആയാസരഹിതമായി നവീന ഷോപ്പിങ് അനുഭവം ലഭ്യമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാട്ടർ ഫ്രണ്ട് ജനറൽ മാനേജർ മുഹമ്മദ് അൽ മദനി, ലുലു സി ഇ ഒ സെഫി രൂപാവാല , എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ , ഡയറക്ടർ സലിം എം എ എന്നിവരും സംബന്ധിച്ചു.