മനാമ. പിന്നോക്ക ജനാവിഭാഗങ്ങളുടെ ഭരണഘടനാ പരമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി എന്നും മുൻപന്തിയിലുണ്ടായിരുന്നത് മുസ്ലിം ലീഗും അതിന്റെ നേതാക്കളുമാണെന്ന് സയ്യിദ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ആ മഹിതമായ പാരമ്പര്യം കാത്തു സൂക്ഷിച്ചു കൊണ്ട് നമ്മൾ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാനും അത് നിലനിർത്താനും മുസ്ലിം ലീഗ് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ തങ്ങൾ ആഹ്വാനം ചെയ്തു.
ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിലെത്തിയ തങ്ങൾക്ക് കെഎംസിസി ബഹറൈൻ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വച്ച് നൽകിയ സ്വീകരണ സമ്മേളനത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയപരമായും സാമൂഹികപരമായും നാം നേടിയെടുത്ത അവകാശങ്ങൾ നാം ഒറ്റകെട്ടായി നിന്നതിന്റെ പരിണിത ഫലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പിന്നോക്കാവസ്ഥയിലായിരുന്ന ഇന്ത്യയിലെ പിന്നോക്ക മുസ്ലിം ജന വിഭാഗത്തിന് വിദ്യാഭ്യാസ, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചത് മുസ്ലിം ലീഗ് നേതൃത്വം കൊടുത്തത് കൊണ്ടാണെന്നു അദ്ദേഹം ഉണർത്തി.
കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷനായിരുന്നു. കെഎംസിസി ബഹ്‌റൈൻ മുൻ പ്രസിഡന്റ് എസ് വി ജലീൽ സ്വീകരണ സംഗമം ഉത്ഘാടനം ചെയ്തു. കേരളത്തിൽ മുസ്ലിം സമൂഹം ഇന്നനുഭവിക്കുന്ന നേട്ടങ്ങൾക്ക് നിദാനം അഭിമാനകരമായ അസ്തിത്വം ഉയർത്തി പിടിച്ചു കൊണ്ട് ഭരണഘടനാപരമായി ലീഗും നേതാക്കളും ശബ്ദമുയർത്തിയതിന്റെ ഫലമാണെന്ന് എസ് വി ഉത്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു.
കെഎംസിസി ബഹ്‌റൈൻ ട്രഷറർ റസാഖ് മൂഴിക്കൽ ഹമീദലി തങ്ങളെ ഷാൾ അണിയിച്ചു. വിവിധ ജില്ലാ ഏരിയ കമ്മിറ്റികളും തങ്ങൾക്ക് ഷാൾ അണിയിച്ചു. ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ ജനറൽ സെക്രട്ടറി അസീസ് കോറോം, കെഎംസിസി വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സെക്രട്ടറി റഫീഖ് തോട്ടക്കര, കെ എ നാസർ മൗലവി, എന്നിവർ പ്രസംഗിച്ചു.
ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ സ്വാഗതം ആശംസിച്ച സ്വീകരണ സംഗമത്തിന് ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ, വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം, സെക്രട്ടറിമാരായ ഒ കെ കാസിം എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എ പി ഫൈസൽ നന്ദി പറഞ്ഞു