മനാമ:
ഫ്രാൻസിലെ വാൽനേവ വികസിപ്പിച്ച കോവിഡ് -19 വാക്സിൻറെ അടിയന്തര ഉപയോഗത്തിന് ബഹ്റൈൻ നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി. 18 വയസ്സ് കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നത്.
മാർച്ച് അവസാനത്തോടെ VLA2001 വാക്സിൻ ബഹ്‌റൈനിലേക്ക് കയറ്റുമതി ചെയ്യാമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു ദശലക്ഷം ഡോസുകൾക്കുള്ള മുൻകൂർ കരാർ ഒപ്പിട്ടതാണ്. ബഹ്‌റൈനിൽ അംഗീകരിച്ച ഏക ഡ്യുവൽ-അഡ്ജുവന്റഡ്, കോവിഡ്-19 വാക്‌സിൻ എന്ന നിലയിൽ, VLA2001 ബഹ്‌റൈനിലെ ജനങ്ങൾക്കും ആരോഗ്യ മേഖലയിലും ഒരു വ്യത്യസ്ത വാക്‌സിൻ ഓപ്ഷൻ നൽകുമെന്ന് സിഇഒ തോമസ് ലിംഗെൽബാച്ച് പറഞ്ഞു.
കമ്പനി സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും ഉപയോഗം ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബഹ്റൈനിലും അനുമതി നൽകിയത്. ഇതോടെ ബഹ്‌റൈനിൽ അനുമതി നൽകിയ വാക്സിനുകളുടെ എണ്ണം ഏഴായി.