bahrainvartha-official-logo
Search
Close this search box.

രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തണം: ആനി രാജ

Annei Raja Spkng
മനാമ: അധികാരത്തിന്‍റെയും ഭരണനിര്‍വ്വഹണത്തിന്‍റെയും പുതിയ പാഠങ്ങള്‍ വികസന വ്യവഹാരങ്ങളില്‍ ഇടം പിടിക്കുന്ന കാലഘട്ടത്തിലും രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തുന്ന ഒന്നും മാറിമാറി വന്ന ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. പ്രവാസി വെൽഫയർ ബഹ്റൈൻ സംഘടിപ്പിച്ച സ്ത്രീ സുരക്ഷയും അവകാശങ്ങളും വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. രാജ്യത്ത്  പിറന്നുവീഴുന്നതിനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്നും സ്ത്രീസമൂഹം. തുല്യത എന്നത് അലങ്കാരത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തിൻറെ നിയമനിർമ്മാണ സഭകളിലെ പ്രാതിനിധ്യം വെറും 14 ശതമാനം മാത്രമാണ്.

ഭരണകൂടം തെറ്റായ തീരുമാനങ്ങൾ രാജ്യത്തിനുമേൽ അടിച്ചേൽപ്പിച്ച് രാജ്യത്തിൻ്റെ മതേതര ജനാധിപത്യ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്ന് പൗരത്വ നിഷേധം, ആർട്ടിക്കിൾ 370, ഹിജാബ് നിരോധം, കർഷക നിയമം എന്നിവയെ ഉദാഹരിച്ചു കൊണ്ട് അവർ പറഞ്ഞു. രാജ്യത്തെ ഭരണഘടന നൽകുന്ന പൗരന്മാരുടെ അന്തസ്സോടെയുള്ള ജീവിതം ഉറപ്പ് വരുത്തേണ്ടത് ഭരണകൂടത്തിൻ്റെ കടമയും ബാധ്യതയുമാണ്. ആരാധനാകർമങ്ങൾ പോലും വെറുപ്പ് ഉത്പാദന പരിപാടികൾ ആയി മാറുന്നു. ഇത്തരം വിവേചനങ്ങൾക്കെതിരെ ഭരണഘടന മുറുകെപ്പിടിച്ച് പോരാടേണ്ടത്ണ്ടെന്ന് അവർ ഉണർത്തി.


സ്ത്രീ സുരക്ഷക്കും സംരക്ഷണത്തിനുമായി പലരും പല കാലങ്ങളിലായി പല അവകാശ സംരക്ഷണ സമരങ്ങളും ബോധവൽക്കരണ പരിപാടികളും നടത്തിയതിൻ്റെ ഫലമായി നേട്ടങ്ങൾ കൈവരിക്കുവാൻ സ്ത്രീസമൂഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാലും സ്ത്രീ സുരക്ഷിതത്വം എന്നത് ഇന്നും വലിയൊരു ചോദ്യചിഹ്നം തന്നെയാണ് എന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡൻ്റ് ജമീല അബ്ദുറഹ്മാൻ പറഞ്ഞു. അവകാശ നിഷേധങ്ങളും ബാലിക പീഡനങ്ങളും ആത്മഹത്യകളും ദിനംപ്രതി കൂടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക സംസ്കാരിക മേഖലാകളിൽ സ്ത്രീ സമൂഹം പുരോഗതി നേടുമ്പോൾ മാത്രമേ യഥാർത്ഥ പുരോഗതി നേടിയെന്ന് നമുക്ക് വിലയിരുത്തുവാൻ കഴിയുകയുള്ളൂവെന്ന് അവർ പറഞ്ഞു.

സാംസ്കാരിക കേരളത്തിൽ പോലും സ്ത്രീ സമൂഹത്തോട്  സാംസ്കാരിക ശൂന്യതയാണ് കാണിക്കുന്നത് എന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രേമ. ജി. പിഷാരടി പറഞ്ഞു. റേഷൻ കാർഡുകൾ സ്ത്രീയുടെ പേരിൽ വന്നു എന്നതിനപ്പുറം മറ്റെന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്ന് അവർ ചോദിച്ചു. പാർട്ടി കമ്മിറ്റിയിൽ വനിതകൾ കൂടുതലായി കടന്നു വരുന്നത് പാർട്ടിയെ നശിപ്പിക്കും എന്ന് കരുതുന്ന പാർട്ടി സെക്രട്ടറിമാരുടെ നാടാണ് കേരളം. രാജ്യത്ത് നടക്കുന്ന വിവേചനങ്ങൾക്കെതിരെ നാനാത്വത്തിൽ ഏകത്വത്തിലെ മനോഹാരിത അഥവാ ഏകത്വത്തിലെ വൈവിധ്യങ്ങൾ നിലനിർത്താൻ രാജ്യത്തെ മുഴുവൻ സമൂഹവും ഒരുമിക്കേണ്ടത്തുണ്ട് എന്നും അവർ ഉണര്ത്തി.

മുസ്‌ലിം യുവതികൾ വ്യത്യസ്ത മേഖലകളിൽ കൈവരിച്ച ശാക്തീകരണ പ്രക്രിയകളെ പിന്നോട്ടടിക്കാനും വിദ്യാർത്ഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും ലക്ഷ്യമിട്ടുള്ള വിദ്വേഷത്തിലധിഷ്ഠിതമായ മനുഷ്യാവകാശ ലംഘനമാണ് നിലവിലെ ഹിജാബ് നിരോധത്തിലൂടെ ഭരണകൂടം നടത്തുന്നത് എന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നജ്ദ റൈഹാൻ പറഞ്ഞു. യൂണിഫോമിറ്റിയുടെയും ക്രമസമാധാനത്തിന്റെയും പേരിൽ അവരെ അപമാനിക്കുകയാണ്.  വിദ്യാഭ്യാസം, വിശ്വാസം എന്നീ രണ്ട് മൗലികാവകാശങ്ങളിൽ ഏതെങ്കിലും ഒന്ന് മാത്രം തെരഞ്ഞെടുക്കാൻ നിർബന്ധിതമാക്കപ്പെടുന്ന അത്യന്തം നിർണായകവും നിർഭാഗ്യകരവുമായ അവസ്ഥയിലാണ് നിലവിൽ മുസ്‌ലിം വിദ്യാർത്ഥിനികൾ എന്ന് അവർ പറഞ്ഞു.

ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ തൊഴില്‍ വിഭജനം മാറേണ്ടതുണ്ട് എന്ന് വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന ഷെമിലി പി. ജോൺ പറഞ്ഞു.  വിദ്യാഭ്യാസത്തിന്‍റെ തോതിലും ഘടനയിലും മാറ്റമുണ്ടായിട്ടും കുടുംബത്തിനകത്തും, സമൂഹത്തിലും നിലനില്‍ക്കുന്ന ആണ്‍കോയ്മ താല്പര്യങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തെയും നിലവാരത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായ് അവർ പറഞ്ഞു. സ്ത്രീകൾ സ്വയം കമ്പോളമാകാതെ അവകാശങ്ങൾ നേടിയെടുക്കാൻ മുന്നോട്ട് വരണം എന്ന് തുടർന്ന് സംസാരിച്ച ഫ്രൻ്റ്സ് ബഹ്റൈൻ സെക്രട്ടറി നദീറ ഷാജി പറഞ്ഞു. സമയോചിതമായി ധീരതയോടെ തീരുമാനങ്ങൾ എടുക്കാൻ കഴിയുക സ്ത്രീ സമൂഹത്തിനാണ് എന്നതിനാൽ അവരുടെ അവകാശങ്ങൾ ചോദിച്ച് വങ്ങാനും അവർക്ക കഴിയേണ്ടതുണ്ട് എന്ന് തുടർന്ന് സംസാരിച്ച വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വനിതാ വിഭാഗം ഹെഡ് മിനി മാത്യു പറഞ്ഞു. രഞ്ജി സത്യൻ, സിനിമ പിന്നണി ഗായിക പ്രസീത മനോജ് എന്നിവരും സംസാരിച്ചു.

ഷിജിന ആഷിക് നിയന്ത്രിച്ച വെബിനാറിൽ പ്രവാസി വെൽഫെയർ സെക്രട്ടറി റഷീദ സുബൈർ സ്വാഗതവും ഹസീബ ഉപസംഹാരവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!