മനാമ: കാമുകിക്കു നൽകിയ ഒരു ചുംബനത്തിന്റെ പേരിൽ കാമുകൻ വിചാരണ നേരിടുന്ന അപൂർവ കാഴ്ചക്കായിരുന്നു കഴിഞ്ഞ ദിവസം ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി സാക്ഷ്യം വഹിച്ചത്. 20 കാരനായ ബഹ്‌റൈനി കാമുകനാണ് വിചാരണ നേരിടുന്നത്. 20കാരനായ യുവാവുമൊത്ത് 16 കാരിയായ തന്റെ മകൾ ചുംബിക്കുന്നത് കണ്ട പിതാവിനാണ് പ്രകോപിതനായി ചാടിവീണപ്പോൾ അടിതെറ്റി തലക്ക് ക്ഷതമേൽക്കേണ്ടി വന്നത്. 54 കാരന്റെ തലയോട് പൊട്ടുകയും മുഖത്തും മറ്റുമായി വീഴ്ചയിൽ പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പരാതിയിൽ യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്.
എന്നാൽ പിതാവിന്റെ വീഴ്ചയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, കാമുകിക്ക് പെട്ടെന്ന് ഒരുമ്മ നൽകി പിൻവാങ്ങിയപ്പോൾ അപ്രതീക്ഷിതമായി അത് കണ്ടെത്തിയ പിതാവ് കാറിന് മുന്നിൽ ചാടി വീണ് തന്റെ വഴി തടസപ്പെടുത്തി ആക്രമിക്കാൻ വരികയായിരുന്നെന്ന് യുവാവ് കോടതിയിൽ പറഞ്ഞു. തുടർന്ന് പാനിക് ആയ അവസ്ഥയിലായിരുന്നു താനെന്നും, വഴി തടഞ്ഞ് ആക്രമിക്കാൻ വന്നപ്പോൾ കാർ പിറകോട്ടെടുക്കവെ പിതാവ് ബോണറ്റിലോട്ട് ചാടിക്കയറിയപ്പോഴാണ് അടിതെറ്റി വീണ് പരിക്ക് പറ്റിയതെന്നും പറഞ്ഞു. 16 കാരിയായ കാമുകിയുമായി അഞ്ചു വർഷത്തെ ബന്ധമായിരുന്നെന്നും മുൻപ് രണ്ടു തവണ അന്യായമായി പിതാവ് തനിക്കെതിരെ പോലീസിൽ പരാതിപെട്ടിരുന്നതായും വിസ്താരത്തിനിടെ യുവാവ് പറയുകയുണ്ടായി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 20നായിരുന്നു സംഭവം. റിവ്യൂവിനായി ഏപ്രിൽ 29 ലേക്ക് കേസ് മാറ്റിയിരിക്കുകയാണ്.