മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി നടത്തുന്ന അഹ്ലന് റമദാന് പ്രഭാഷണവും പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനവും മാർച്ച് 29ന് രാത്രി എട്ടിന് മനാമ ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഓഡിറ്റോറിയത്തിൽ (കെ.എം.സി.സി ആസ്ഥാന മന്ദിരം) നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവി പരിപാടിയിൽ പങ്കെടുത്തു സംസാരിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാർഥമാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2009ൽ തുടക്കം കുറിച്ച പ്രവാസി പെന്ഷന് പദ്ധതിയും 2016ൽ ആരംഭിച്ച ‘സ്നേഹപൂര്‍വം സഹോദരിക്ക്’ എന്ന പേരിലുള്ള വിധവ പെന്ഷന് പദ്ധതിയും മഹീശത്തു റഹ്മ തൊഴിലുപകരണങ്ങൾ നൽകുന്ന പദ്ധതിയും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കാലങ്ങളിലേതുപോലെ ഇത്തവണയും മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രവാസി മലയാളികളെ ഉദ്ദേശിച്ചുള്ള സേവന, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പ്രാവശ്യം മുന്‍തൂക്കം നൽകുന്നത്. നാട്ടിൽ പ്രയാസം അനുഭവിക്കുന്നവർക്കായി നടപ്പാക്കുന്ന ‘മഹീശത്തു റഹ്മ’ തൊഴിലുപകരണ പദ്ധതി കമ്മിറ്റിയുടെ പ്രധാന പ്രവർത്തനമാണ്. സയ്യിദ് ഉമ്മർ ബാഫക്കി തങ്ങൾ റിലീസ് സെൽ മുഖേന വിവാഹ സഹായങ്ങളും രോഗികള്‍ക്കുള്ള ചികിത്സാ സഹായങ്ങളും വിദ്യാഭ്യാസ സഹായങ്ങളും സി.എച്ച് സെന്ററിന് ഐ.സി.യു ആംബുലന്‍സ് തുടങ്ങിയവയും പ്രവർത്തനത്തിൽ ഉൾപ്പെടുന്നു. സമൂഹത്തിെന്റ നാനാ തുറകളിലുള്ളവരുടെ സഹകരണവും പങ്കാളിത്തവുംകൊണ്ടാണ് ജീവകാരുണ്യ സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ കെ.എം.സി.സി ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ്, ഓർഗനൈസിങ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി, ഭാരവാഹികളായ ഫൈസൽ കണ്ടിതാഴ, നാസര്‍ ഹാജി പുളിയാവ്, അഷ്റഫ് നരിക്കോടൻ, ഷാഫി വേളം തുടങ്ങിയവര്‍ പങ്കെടുത്തു.