മനാമ: വിശുദ്ധ റമളാൻ: വിശുദ്ധ ഖുർആൻ എന്ന ശീർഷകത്തിൽ നടക്കുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിന് സൽമാബാദ് സെൻട്രലിൽ തുടക്കമായി. ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൻ്റെ ഭാഗമായി മുബാഹസ (പണ്ഡിത സംഗമം), പ്രഭാഷണങ്ങൾ, പഠന ക്ലാസുകൾ, ആത്മീയ മജ്ലിസുകൾ, ഖുർആൻ പഠനം, ഇഫ്താർ സംഗമങ്ങൾ, സ്പാർക് , പാരൻസ് മീറ്റ്, ഹാദിയ മീറ്റ് , റിലീഫ് വിതരണം, ഈദ് മുലാഖാത്ത് എന്നിവ നടക്കും.
റമളാൻ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നടക്കുന്ന മാർച്ച് 29, 30, 31 തിയ്യതികളിൽ വയള് പരമ്പരയിൽ അബ്ദുൽ ഹയ്യ് അഹ്സനി, അബൂബക്കർ ലത്വീഫി, അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ യഥാക്രമം വിശുദ്ധ ഖുർആൻ, നോമ്പിൻ്റെ കർമശാസ്ത്രം, പുണ്യങ്ങളുടെ പൂക്കാലം എന്നി വിഷയങ്ങളിൽ പ്രഭാഷണം നടത്തും.
വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സമഗ്ര പരിശീലനത്തിൻ്റെ ആദ്യഘട്ടം ‘സ്പാർക് ‘ സ്റ്റുഡൻസ് അസംബ്ലി നാളെ വൈകീട്ട് സൽമാബാദ് മദ്രസ്സ ഹാളിൽ നടക്കും. രക്ഷിതാക്കൾക്കും മറ്റുമായി എഫക്ടീവ് പാരൻ്റിംഗ് കോച്ചിങ്ങിനായി ബ്രിഡ്ജ് സംഘടിപ്പിക്കും.
ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് ഉമർഹാജി ചേലക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യുട്ടീവ് യോഗം കാമ്പയിൻ പരിപാടികൾക്ക് അന്തിമരൂപം നൽകി. അബ്ദുസ്സലാം മുസ്ല്യാർ കോട്ടക്കൽ, അബ്ദു റഹീം സഖാഫി വരവൂർ , ഹംസ ഖാലിദ് സഖാഫി, ഹാഷിം മുസ്ല്യാർ, ഷഫീഖ് വെള്ളൂർ, ഷാജഹാൻ കെ.ബി, വൈ.കെ. നൗഷാദ്, അഷ്ഫാഖ് മണിയൂർ, ഇസ്ഹാഖ് വലപ്പാട്, അർഷദ് ഹാജി, അക്ബർ കോട്ടയം, ഷുക്കൂർ കുണ്ടൂർ, അഷ്റഫ് കോട്ടക്കൽ സംബന്ധിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും റഹീം താനൂർ നന്ദിയും പറഞ്ഞു.