കൊലപാതക രാഷ്ട്രീയത്തെ ചെറുത്ത് തോൽപ്പിക്കണം: പ്രവാസി വെൽഫെയർ

മനാമ: ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന പാലക്കാട് ക്രമസമാധാന പാലനം സർക്കാർ ഉറപ്പ് വരുത്തുകയും കൊലപാതകങ്ങളിൽ പങ്കാളിത്തം വഹിച്ച മുഴുവൻ പേരെയും കർശന നിയമ നടപടിക്ക് വിധേയമാക്കണം എന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.

കേരളത്തിൽ നിരന്തരമായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെയും ഗുണ്ടാ വിളയാട്ടത്തെയും നേരിടുന്നതിൽ കേരള ആഭ്യന്തര വകുപ്പ് വൻ വീഴ്ചയാണ് വരുത്തുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംസ്ഥാനത്ത് ആയിരത്തിലധികം കൊലപാതകങ്ങൾ നടന്നു എന്ന റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഇതിൽ നല്ലൊരു പങ്ക് രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടികൾ നൽകുന്ന ഡമ്മി പ്രതികളെയാണ് പ്രതി ചേർക്കുന്നതെന്ന ആരോപണമുണ്ട്. ഗൂഢാലോചകരെയോ കൊലപാതകത്തിന് നേതൃത്വം നൽകുന്ന ഉന്നതരെയോ നിയമത്തിന് മുന്നിൽ കൊണ്ടു വരാൻ പോലീസ് ശ്രമിക്കാറില്ല. ഇത് അക്രമങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നു.

കേരളത്തെ സംഘർഷ ഭൂമിയാക്കാൻ സംഘ്പരിവാർ നിരന്തരം ശ്രമിക്കുന്നു. ആഘോഷങ്ങളും ഒത്തുചേരലുകളുമെല്ലാം സമൂഹത്തെ വർഗീയമായി ഭിന്നിപ്പിക്കാനുള്ള സവിശേഷ സന്ദർഭങ്ങളായി തെരഞ്ഞെടുക്കുകയാണ് അവർ. രാജ്യവ്യാപകമായി നടക്കുന്ന അക്രമ പരമ്പരകളിലേക്ക് കേരളത്തെ കണ്ണി ചേർക്കാനാണ് വിഷു ദിനം അക്രമത്തിന് തിരഞ്ഞെടുത്തത്. വർഗീയ ധ്രുവീകരണ സംഘർഷ ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണം. ശക്തമായ ജനാധിപത്യ പ്രതിരോധം ഉയർത്തി ഫാഷിസത്തെ ചെറുത്തു തേൽപ്പിക്കണം.

കൊലപാതക രാഷ്ട്രീയം ജനാധിപത്യ രീതിയല്ല. ശക്തമായ നിയമ നടപടികളിലൂടെ നീതി നടപ്പാക്കാൻ ശ്രമിക്കേണ്ടതിന് പകരം സ്വീകരിക്കുന്ന ഏത് വഴിയും കൊലപാതകങ്ങളുടെ തുടർച്ച സൃഷ്ടിക്കുക മാത്രമാണ് ചെയ്യുക. കൊലക്കത്തി താഴെ വെച്ച് ജനാധിപത്യ രാഷ്ട്രീയ സംസ്കാരം ഉയർത്തി പിടിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും തയ്യാറാകണം എന്ന് പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.