കെ എം സി സി ഈദ് കപ്പ്; സമാജം എഫ് സി ജേതാക്കൾ

മനാമ: കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ സ്പോർട്സ് വിങ് സംഘടിപ്പിച്ച ഈദ് കപ്പ് 2022 പ്രവാസികൾക്ക് ആവേശമായി. രണ്ടാം പെരുന്നാൾ ദിവസം ഹൂറ ഗോസി ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഹബീബുറഹ്മാൻ ഉത്ഘാടനം ചെയ്തു.
രോഗങ്ങൾ വർധിച്ചു വരുന്ന ഈ അനിതര സാധാരണ കാലഘട്ടത്തിൽ ആരോഗ്യ പരിപാലനത്തിന് പ്രാമുഖ്യം നൽകി കൊണ്ടുള്ള ഇത്തരം കായിക വിനോദങ്ങൾ എന്നും പ്രോത്സാഹനജനകമാണെന്നും പരിപാടി സംഘടിപ്പിച്ച മലപ്പുറം ജില്ലാ കെഎംസിസിയെ പ്രശംസിക്കുകയും ചെയ്തു.

ചടങ്ങിൽ അൽഹിലാൽ റീജനൽ ബിസിനസ്സ് ഡെവലെപ്മെന്റ് മാനേജർ ആസിഫ്, കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ റസാഖ് മൂഴിക്കൽ, റൂബി ഗ്രൂപ്പ് പ്രതിനിധി സാദിഖ് , ബികോ മാർക്കറ്റിംഗ് മാനേജർ നിതീഷ് , സഫ ഡെന്റൽ ക്ലിനിക് സലിം , കെ എം സി സി സംസ്ഥാന, ജില്ലാ , ഏരിയ ഭാരവാഹികൾ, കെഎംസിസി സ്പോർട്സ് വിങ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ സമാജം എഫ് സി ജേതാക്കളായി. യുവ ക്ലാസിക് എഫ് സി റണ്ണേഴ്‌സ് കപ്പും കരസ്ഥമാക്കി. ടൂർണ്ണമെന്റിനോടാനുബന്ധിച്ചു കെ എം സി സി മലപ്പുറം ജില്ലാ വനിതാവിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ചാരിറ്റി തട്ടുകട പ്രതേകം ശ്രദ്ധേയമായി.