മനാമ: ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ബഹ്റൈൻ കൾച്ചറൽ അതോറിറ്റിയുമായി സഹകരിച്ച് നടത്തുന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ 10ാം ദിവസമായ ബുധനാഴ്ച ബഹ്റൈനിലെ പ്രശസ്ത മ്യൂസിക്കൽ ബാൻഡ് അൽ മജാസ് ഒരുക്കുന്ന മ്യൂസിക് നൈറ്റ് അരങ്ങേറും. തുടർന്ന് ബഹ്റൈൻ സ്വദേശിയും പ്രശസ്ത കഥക്ക് നർത്തകനുമായ ഖലീൽ അൽ സഹർ അവതരിപ്പിക്കുന്ന കഥക്ക് നൃത്താവിഷ്കാരവും ഉണ്ടായിരിക്കും. വൈകീട്ട് എട്ടിന് ആരംഭിക്കുന്ന കലാസന്ധ്യ ഇന്തോ ബഹ്റൈൻ സാംസ്കാരിക വിനിമയത്തിന്റെ ഭാഗമാണെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും കൺവീനർ പ്രശാന്തും പറഞ്ഞു. പ്രവേശനം സൗജന്യമാണ്.