മനാമ: കെ പി സി സി ഓഫീസിനുനേരെ സി പി എം, ഡി വൈ എഫ് ഐ ഗുണ്ടകളുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തെ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. സ്വർണ്ണ കള്ളകടത്തും, ഹവാല ഇടപാടിലൂടെയും നമ്മുടെ രാജ്യത്തെ സാമ്പത്തിക മേഖലയെ തകർക്കുവാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമാധാനപരമായി സമരം നടത്തുന്ന കോൺഗ്രസ് നേതാക്കളെ ആക്രമിക്കാനും, കോൺഗ്രസ് ഓഫീസുകൾ തകർക്കാനും ഭരണത്തിന്റെ മറവിൽ, പോലീസിന്റെ സഹായത്തോടുകൂടി നടത്തുന്ന അക്രമപരമ്പരകളെ ജനാധിപത്യ കേരളം ഒറ്റകെട്ടായി നേരിടണം എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭ്യർത്ഥിച്ചു. ജനാധിപത്യ സമരങ്ങൾ എന്ന് മുതലാണ് പിണറായി വിജയന് അരോചകമായി തോന്നിതുടങ്ങിയത് എന്നും അറിയാൻ കേരളത്തിലെ സമാധാനകാംക്ഷികളായ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. ഇന്ന് വഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ പിണറായി വിജയൻ നേടിയ സ്ഥാനമാനങ്ങൾ എല്ലാം സമരത്തിന് നേതൃത്വം നൽകി ലഭിച്ചതാണ്. കേരളത്തെ വിറ്റ് തുലക്കാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. അവിഹിതമായി പണം സമ്പാതിക്കുക എന്നത് മാത്രമായി സർക്കാരിന്റെ പ്രഥമലക്ഷ്യം. അഴിമതി കാണിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും രാജി വയ്ക്കുന്നത് വരെ ശക്തമായ സമരവുമായി കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി മുന്നോട്ട് പോകും എന്നും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
