മനാമ: ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് ബഹ്‌റൈനിലെ ഹൂറ ഉമ്മു ഐമൻ സ്കൂൾ ഗ്രൗണ്ടിലും, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിലും ബഹ്‌റൈൻ സുന്നി ഔഖാഫുമായി സഹകരിച്ചു കൊണ്ട് അൽ ഹിദായ മലയാളം കൂട്ടായ്മ സംഘടിപ്പിച്ച ഈ ഗാഹുകൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കടുത്ത ചൂടിനെ അവഗണിച്ചു കൊണ്ട് പെരുന്നാളിന്റെ ഏറ്റവും സവിശേഷമായ ഈദ് നമസ്കാരത്തിനായി പ്രത്യേകം തയ്യാറാക്കിയ രണ്ട് ഈദ്ഗാഹുകളിലേക്കും സ്ത്രീകളും കുട്ടികളും അടക്കം ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു.
മഹാനായ പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗോജ്വലമായ സ്മരണകൾ ഓർമ്മപ്പെടുത്തി, ത്യാഗ നിർഭരമായ ജീവിതം കൊണ്ട് പരീക്ഷണങ്ങളെ അതിജീവിച്ച് ഈ ലോകത്തിനു പകർന്നു നൽകിയ മൂല്യവത്തായ ചര്യകൾ അടങ്ങുന്ന ധാർമിക ബോധങ്ങൾ നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലയിലും മുറുകെ പിടിക്കണം എന്ന് ഹൂറ ഉമ്മു ഐമൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് സന്ദേശത്തിലൂടെ ഉസ്താദ് അഹ്മദ് ലത്തീഫ് വിശ്വസികളോട് ആഹ്വാനം ചെയ്തു. ജിഹാദ് എന്ന വിശുദ്ധ പദത്തെ പോലും ലോകത്തിനു മുൻപിൽ തെറ്റായി അവതരിപ്പിച്ചു ലോക സമാധാനത്തിനു ഭംഗം വരുത്തുന്ന പല തീവ്ര ചിന്താഗതി വാദികളുടെയും കുൽസിത ശ്രമങ്ങൾക് മുൻപിൽ മാർഗ്ഗ തടസ്സമായി ലോകവിശ്വാസികളുടെയും പിതാവായ ഇബ്രാഹിം പ്രവാചകൻ കാണിച്ചു തന്ന സഹനത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും ശക്തമായ ജീവിത മാർഗ്ഗംനിലനിൽക്കുന്നുണ്ട് എന്ന കാര്യവും അബ്ദുൾ ലത്തീഫ് അഹമ്മദ് വിശ്വാസി സമൂഹത്തെ ഉണർത്തി.
നമസ്കാരത്തിന് എത്തുന്നവർക്കായി പാർക്കിങ് സൗകര്യവും, കാലാവസ്ഥ പരിഗണിച്ചു ആംബുലൻസ് സൗകര്യവും ഈദ് ഗാഹ് മൈതാന നഗരിയിൽ സംഘാടകർ ഒരുക്കിയിരുന്നു. പങ്കടുത്തവർക്കായി ലഘു ഭക്ഷണവും അൽ ഹിദായ ഏർപ്പെടുത്തിരുന്നു..
ഉമ്മുൽ ഹസ്സത്ത് നടന്ന ഈദ് ഗാഹിന് ഉസ്താദ് ഷെമീർ ഫാറൂഖി നേതൃത്വം നൽകി. അൽ ഹിദായ മലയാളം കൂട്ടായ്മ പ്രസിഡന്റ് ഹംസ ആമേത്, ജനറൽ സെക്രട്ടറി, റിസാലുദ്ധീൻ പുന്നോൽ, റെയ്യാൻ പ്രിൻസിപ്പൽ അബ്‌ദുൾ ലത്തീഫ് ചാലിയം, ടിപി അബ്ദുൾ അസീസ് വളണ്ടിയർ ക്യാപ്റ്റൻ ഷെമീർ കണ്ണൂർ, ഉമ്മുൽ ഹസ്സം ഈദ് ഗാഹ് ചുമതലയുള്ള നിസാർ വെളിയംകോട് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.