മനാമ: ഒരു പൊതുതെരെഞ്ഞെടുപ്പ് എന്നതിലുമപ്പുറം, സംഘ്പരിവാറിന്റെ കൈകളിൽ നിന്ന് ഇന്ത്യയെ മോചിപ്പിച്ച് രാജ്യം നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുള്ള തെരെഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ മറ്റ് അഭിപ്രായ വ്യത്യാസങ്ങളും പൊരുത്തക്കേടുകളും മാറ്റി വെച്ച് രാഷ്ട്ര സംരക്ഷണത്തിന് ഐക്യപ്പെടുകയും മതേതര സർക്കാറിനായ് ബി.ജെ.പി. അല്ലാത്ത ഏറ്റവും വലിയ ഒറ്റകക്ഷിയാവാൻ ചാൻസുള്ള കോൺഗ്രസ്സ് ഉൾപ്പെട്ട യു.ഡി.എഫ്. സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനും അത് വഴി കേന്ദ്രത്തിൽ യു പി.എ യുടെ നേതൃത്വത്തിലുള്ള മതേതര സർക്കാറിന്റെ രൂപീകരണത്തിന് വഴിയൊരുക്കണമെന്നും സോഷ്യൽ വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു.
രാജ്യത്തെ ജനങ്ങളേയും ഭരണഘടനയേയും സംരക്ഷിക്കുവാനും ജനാധിപത്യവും മതേതരത്വവും പുനരുജ്ജീവിപ്പിക്കാനും ജനങ്ങള്‍ക്ക് സമാധാനപൂർണ്ണമായ ജീവിതാന്തരീക്ഷം ഒരുക്കുവാനും കഴിയേണ്ടതുണ്ട്. ഈയാവശ്യാർത്ഥം കേരളത്തിന്റെ പ്രബുദ്ധ മനസ്സാക്ഷിയെ തൊട്ടുണർത്തി ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള പരിശ്രമങ്ങളിൽ പങ്കാളികളാവാൻ’ പ്രവാസി സമൂഹം തയ്യാറാകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സോഷ്യൽ വെൽഫെയർ ‘ അസോസിയേഷൻ പ്രസിഡന്റ് ഇ.കെ.സലീമിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് എസ്.വി. ജലീൽ ഉൽഘാടനം ചെയ്തു. ലത്തീഫ് ആയഞ്ചേരി, ബഷീർ അമ്പലായി, സൽമാനുൽ ഫാരിസ്, നിസാർ, ജലീൽ മുല്ലപ്പള്ളി (ഒ.ഐ.സി.സി), റിജി കളപ്പുരക്കൽ (ഐ.വൈ.സി.സി), ഷംസുദ്ദീൻ വെള്ളികുളങ്ങര, അസ്ലം വടകര (കെ.എം.സി.സി) മുഹമ്മദലി മലപ്പുറം, കെ.കെ.മുനീർ (സോഷ്യൽ വെൽഫയർ അസോസിയേഷൻ), ഏ സി.എ. ബക്കർ (ഒ. ഐ. ജി. സി) എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫയർ അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബദറുദ്ദീൻ പൂവാർ സ്വാഗതവും മുഹമ്മദ് ഏറിയാട് നന്ദിയും പറഞ്ഞു.