മനാമ: കാൻസർ സൊസൈറ്റിക്ക് തലമുടി ദാനംചെയ്ത് മാതൃകയായി ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി. പത്താം ക്ലാസിൽ പഠിക്കുന്ന എൽദ എബിയാണ് നീട്ടിവളർത്തിയ തന്റെ തലമുടി ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുറിച്ചുനൽകിയത്. അർബുദരോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൽദ എബി വർഷങ്ങളായി തലമുടി നീട്ടിവളർത്തിയത്. 45 സെന്റിമീറ്റർ നീളമുള്ള മുടി കാൻസർ സൊസൈറ്റിക്ക് നൽകിയതിലൂടെ ആഗ്രഹം സഫലമായി.
അർബുദചികിത്സയിലൂടെയോ മറ്റു കാരണങ്ങളാലോ മുടി നഷ്ടമായവർക്കുവേണ്ടി ഹെയർ വിഗ്ഗുകൾ നിർമിക്കാൻ ഇതിലൂടെ കഴിയും. കോവിഡ് ലോക്ഡൗൺ കാലത്താണ് എൽദക്ക് ഇത്തരമൊരു ചിന്തയുദിക്കുന്നത്. എൽ.കെ.ജി മുതൽ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഈ 15 വയസ്സുകാരി മറ്റുള്ളവരെ സഹായിക്കാൻ കഴിഞ്ഞതിലുള്ള ആനന്ദം മറച്ചുവെക്കുന്നില്ല.
മുടികൊഴിച്ചിൽ കാരണം പ്രയാസമനുഭവിക്കുന്ന ഒരാൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നതിന് ഈ ചെറിയ കാരുണ്യപ്രവർത്തനത്തിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നതായി എൽദ പറഞ്ഞു. പൂർണ സന്തോഷത്തോടെയാണ് മുടി നൽകിയതെന്നും രോഗികളെ സഹായിക്കാൻ ഈ അവസരം നൽകിയതിന് ദൈവത്തിന് നന്ദി പറയുന്നതായും എൽദ കൂട്ടിച്ചേർത്തു. അൽ മൊയ്യാദ് കമ്പനിയിൽ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി എബിമോൻ യോഹന്നാന്റെയും ജീന എബിമോന്റെയും മകളാണ് എൽദ എബി. സഹോദരൻ എഡ്വിൻ എബി ജോൺ ഇന്ത്യൻ സ്കൂൾ 11ാം ക്ലാസ് വിദ്യാർഥിയാണ്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ എൽദയെ അഭിനന്ദിച്ചു.