മനാമ: ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് കെ.പി. അബ്ദുല്ല പേരാമ്പ്രയുടെ നിര്യാണത്തിൽ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ നൂതന ശൈലിയിൽ ആവിഷ്കരിക്കുന്നതിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളും ആശയങ്ങളും മനസ്സിൽ കൊണ്ടുനടന്നിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ആധുനിക സൗകര്യങ്ങൾ കുറവായിരുന്ന കാലത്ത് അദ്ദേഹവും സഹ പ്രവർത്തകരും കെ.എം.സി.സിയുടെ യശസ്സ് ഉയർത്താൻ കഠിനാധ്വാനം ചെയ്തു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആദ്യ ബഹ്റൈൻ സന്ദർശനം അദ്ദേഹം പ്രസിഡന്റായിരുന്ന കാലത്തായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തിന് ആശ്വാസം പകരുന്നതായി സ്റ്റേറ്റ് പ്രസിഡന്റ് ഹബീബ് റഹ്മാനും ആക്ടിങ് സെക്രട്ടറി ഒ.കെ. കാസിമും അറിയിച്ചു. സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മനാമ കെ.എം.സി.സി ആസ്ഥാനത്ത് മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ചതായി നേതാക്കൾ അറിയിച്ചു.
പ്രവാസി ലീഗ് മുൻ മണ്ഡലം പ്രസിഡന്റും പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയും കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം മുൻ വൈസ് പ്രസിഡന്റും നിലവിൽ പള്ളി നിർമാണ കമ്മിറ്റി ഉപദേഷ്ടാവുമായിരുന്നു കെ.പി അബ്ദുല്ല. ഭാര്യ: ഹലീമ. മക്കൾ: സഹീൽ (പി.ആർ.ഒ, സി.എച്ച് സെന്റർ കോഴിക്കോട്), സാലിഹ്, ഷമീബ (ഖത്തർ), ശാഹിറ ബാനു. മരുമക്കൾ: സുബില, ഷാമില, ഷബാദ് (ഖത്തർ), മനാസ് (ദുബൈ).