മനാമ: ബഹ്റൈൻ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. കെ.സി.എ ഹാളിൽ നടന്ന പരിപാടിയിൽ കലാഭവൻ ബിനു, അനീഷ് അനസ്, ആഗ്നേയ എന്നിവർ നയിച്ച ഗാനമേളയും സഹൃദയവേദി ടീമിന്റെ നാടൻപാട്ടും മൊഞ്ചത്തി ടീമിന്റെ ഒപ്പനയും അങ്കിക ടീമിന്റെ തിരുവാതിരയും വഞ്ചിപ്പാട്ടും ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോയും മേഘ്ന വേണുവിന്റെ മോഹിനിയാട്ടവും അരങ്ങേറി.
വടംവലി, കസേരകളി തുടങ്ങിയ മത്സര ഇനങ്ങളും ബോംബെ ഓക്ഷനും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. സജീഷ് പന്തളത്തിന്റെ നേതൃത്വത്തിൽ അത്തപ്പൂക്കളവും തയാറാക്കി. 750ൽപരം ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയായിരുന്നു ആഘോഷത്തിലെ പ്രധാന സവിശേഷത.
10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പത്തനംതിട്ട പ്രവാസി അസോസിയേഷനിലെ അംഗങ്ങളുടെ കുട്ടികൾക്ക് മെമന്റോ നൽകി ആദരിച്ചു. പ്രവാസി സമ്മാൻ പുരസ്കാരജേതാവ് കെ.ജി. ബാബുരാജൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജയേഷ് കുറുപ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് പി. മാത്യു നന്ദിയും പറഞ്ഞു.
കൂടാതെ തുമ്പമൺ പ്രവാസി അസോസിയേഷൻ ‘തുമ്പക്കുടം’ നിർമിച്ച് മോൻസി ബാബു ഗാനാലാപനം നടത്തിയ ‘പൊന്നോണ പൂത്താലം’ എന്ന വിഡിയോ ആൽബത്തിന്റെ പ്രകാശനം പ്രശസ്ത സിനി ആർട്ടിസ്റ്റുകളായ ലിസ്സിയും ശ്രീലയയും നിർവഹിച്ചു.
അസോസിയേഷൻ രക്ഷാധികാരി സക്കറിയ സാമുവേൽ, മോനി ഒടിക്കണ്ടത്തിൽ, വർഗീസ് മോദിയിൽ എന്നിവർ പങ്കെടുത്തവർക്ക് മെമന്റോകൾ സമ്മാനിച്ചു. ബോബി പുളിമൂട്ടിൽ നന്ദി പറഞ്ഞു. ഇന്ത്യൻ ക്ലബിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ പത്തനംതിട്ട അസോസിയേഷൻ തുമ്പക്കുടം അസോസിയേഷനുമായി സഹകരിച്ച് ചുണ്ടൻ വള്ളം, നാസിക് ദോൽ, ചെണ്ടമേളം തുടങ്ങിയവ അവതരിപ്പിച്ചു. മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.