മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനംകുറിച്ച് കൊണ്ട് ഇന്ന് സെപ്റ്റംബർ 29 വ്യാഴാഴ്ച വൈകീട്ട് അരങ്ങേറുന്ന മാജിക് ഷോക്കായി കാത്തിരിപ്പിൻറെ ആവേശക്കൊടുമുടിയിലാണ് ബഹ്റൈനിലെ പ്രവാസി സമൂഹം. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വേദികളിൽ അത്ഭുത വിദ്യകൾ അവതരിപ്പിച്ച സാമ്രാജ് കോവിഡിനുശേഷമുള്ള ആദ്യ വിദേശ പരിപാടിക്കായാണ് ബഹ്റൈനിൽ എത്തിയത് എന്നതുകൂടിയാവുമ്പോൾ വിസ്മയ രാവിൻറെ പ്രതീക്ഷകൾ ഏറുകയാണ്. വൈകിട്ട് 7:30 ന് നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.
കേരളത്തിലെ പതിനഞ്ചാമത് ജില്ലയായാണ് ബഹ്റൈനെ താൻ കാണുന്നതെന്നും ഇത്തരമൊരു മലയാളി സംഗമം ലോകത്തൊരിടത്തും ദർശിക്കാനായിട്ടില്ലെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സാമ്രാജ് പറഞ്ഞു. കോവിഡ് കാലത്തു പ്രതിസന്ധിയിലായ കലാകാരന്മാർക്ക് ഗംഭീര തിരിച്ചു വരവിനായ് അവസരമൊരുക്കി ഒരുമാസം നീണ്ടുനിൽക്കുന്ന ഓണാഘോഷം സംഘടിപ്പിച്ച കേരളീയ സമാജത്തിൻറെ അമരക്കാർക്ക് കടപ്പാടറിയിക്കാനും അദ്ദേഹം മറന്നില്ല.
മുമ്പ് അഞ്ചു തവണയാണ് സാമ്രാജ് ബഹ്റൈനിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ളത്. ഇത്തവണ ബഹ്റൈനിലെ പരിപാടിക്കുശേഷം മസ്കത്തിലും ദുബൈയിലും സൗദിയിലും അദ്ദേഹത്തിന്റെ വിസ്മയ പ്രകടനങ്ങൾ അരങ്ങേറും. ആളുകളെ ഞൊടിയിടകൊണ്ട് മായാലോകത്തെത്തിക്കുന്ന ഇല്യൂഷൻ പ്രകടനമാണ് മജീഷ്യൻ സാമ്രാജിനെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹത്തോടൊപ്പം കൺജ്യൂറിങ് പ്രകടനവുമായി
ഉത്തരേന്ത്യൻ വേദികളെ ത്രസിപ്പിച്ച മജീഷ്യൻ വിൽസൻ ചമ്പക്കുളവും ബഹ്റൈനിൽ എത്തിയിട്ടുണ്ട്. രണ്ടു ടണ്ണോളം ഉപകരണങ്ങളാണ് മജീഷ്യൻ സാമ്രാജിന്റെ പ്രകടനത്തിനു വേണ്ടത്. അതേസമയം, ഒരു സ്യൂട്ട്കേസിൽ കൊള്ളുന്ന സാധനങ്ങളുമായി അവതരിപ്പിക്കുന്നതാണ് വിൽസൻ ചമ്പക്കുളത്തിന്റെ കൺജ്യൂറിങ് മാജിക്. നാട്ടിൽനിന്നും ബഹ്റൈനിൽനിന്നുമായി 30ഓളം സഹായികളും ഇവരുടെ സംഘത്തിലുണ്ട്.