മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഏകദിന വോളിബാൾ ടൂർണമെന്റ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ ആലിയിലെ റാംലി മാളിന് സമീപമുള്ള അൽ ആലി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ടൂർണമെന്റിൽ വിന്നേഴ്സിന് സി.എച്ച്. മുഹമ്മദ് കോയ സ്മാരക ട്രോഫിയും റണ്ണേഴ്സ്അപ് ടീമിന് മുൻ കെ.എം.സി.സി പ്രസിഡന്റ് പി.പി.എം കുനിങ്ങാട് സ്മാരക ട്രോഫിയും നൽകുമെന്ന് സംഘാടകർ അറിയിച്ചു. നവംബർ 18 വരെ നീണ്ടുനിൽക്കുന്ന സി.എച്ച് അനുസ്മരണ പരിപാടികളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.എം.സി.സി ടീമിന്റെ ജഴ്സി പ്രകാശനം കെ.എം.സി.സി ജില്ല പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി ഡെൽറ്റഫോർ ഗ്രൂപ് ഡയറക്ടർ സാലിഹ് പറമ്പത്തിനു നൽകി പ്രകാശനം ചെയ്തു.
ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇസ്ഹാഖ്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, ലത്തീഫ് കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.