മനാമ: മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയിലേക്കു നിരന്തരമായി കടന്നു നിൽക്കുകയും ആ ജീവിത യാഥാർഥ്യങ്ങളെ ഉൾകൊള്ളാൻ നമ്മെ പ്രാപ്തരാക്കുന്ന പ്രവൃത്തിയാണ് സാഹിത്യം ചെയ്യുന്നതെന്ന് ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രവർത്തനോദ്ഘാടനം നിർവഹിച്ച്ക്കൊണ്ട് പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അദ്ധ്യാപകനുമായ സുനിൽ പി ഇളയിടം അഭിപ്രായപ്പെട്ടു.
നമ്മളിൽ നിന്നും നമ്മെ പുറത്തു കൊണ്ടുവരികയും നാമല്ലാത്തതിലേക്കു നമ്മുടെ ജീവിതത്തെ കൊണ്ടുപോകുകയും ചെയ്യുന്ന ജീവിതത്തിന്റെ വിസ്തൃതിലേക്കുള്ള കവാടമാണ് സാഹിത്യവും കലയും തുറന്നിടുന്നതെന്നും സുനിൽ പി ഇളയിടം പറഞ്ഞു.
വിമർശകർ പോലും ആദരിക്കുന്ന പാണ്ഡിത്യവും ധൈഷണികതയുമാണ് സുനിൽ പി ഇളയിടത്തെ സവിശേഷമാക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.
കോവിഡാനന്തരം സാഹിത്യ സംസ്ക്കാരിക മേഖലയിലുണ്ടായ അനിശ്ചിതത്തെ മറികടക്കാൻ സുനിൽ പി ഇളയിടത്തിൻ്റെ സാന്നിദ്ധ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ നിരീക്ഷിച്ചു. മലയാളം പാഠശാല, സാഹിത്യവേദി, പ്രസംഗവേദി,ക്വിസ് ക്ലബ്ബ് തുടങ്ങിയ ഉപവിഭാഗങ്ങൾ, അടങ്ങിയ സാഹിത്യ വിഭാഗത്തിൻ്റെ ഉദ്ഘാടനയോഗത്തിൽ മുൻ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഷാനവാസ് ഖാൻ രചിച്ച ഇമ്പാ നസ് എന്ന ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു.
ബി കെ എസ് ഡി സി അന്താരഷ്ട ബുക്ക് ഫെസ്റ്റിൻ്റെ പോസ്റ്റർ പ്രകാശനവും നടന്ന യോഗത്തിൽ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കൺവീനർ പ്രശാന്ത് മുരളീധർ, അനഘ രാജീവ് ,അനു ബി കുറുപ്പ്, രേണു ഉണ്ണികൃഷ്ണൻ, നന്ദകുമാർ എടപ്പാൾ, വേണുഗോപാൽ, സന്ധ്യ ജയരാജ് എന്നിവരും പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ സ്വാതിയും സംഘവും അവതരിപ്പിച്ച തരുണി എന്ന സംഗീത നൃത്ത ശിൽപ്പവും ശ്രദ്ധേയമായി.