bahrainvartha-official-logo
Search
Close this search box.

ബി.കെ.എസ് അന്താരാഷ്ട്രപുസ്തകോത്സവത്തിന് തുടക്കമായി; സിജു വിൽസണുമായി മുഖാമുഖം ഇന്ന്

New Project - 2022-11-11T104733.872

മനാമ: ബഹ്റൈൻ കേരളീയസമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളക്കും സാംസ്കാരികോത്സവത്തിനും തുടക്കമായി. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ പുസ്തകമേളക്ക് തിരിതെളിയിച്ചു. പുസ്തകങ്ങൾ മനുഷ്യരുടെ സുഹൃത്തുക്കളും വഴികാട്ടികളുമാണെന്ന് അദ്ദേഹം പറഞ്ഞു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.

പ്രമുഖ കവിയും വിവർത്തകനും ചലച്ചിത്രഗാന രചയിതാവുമായ അൻവർ അലി വിശിഷ്ടാതിഥിയായിരുന്നു. ബഹ്‌റൈനിലെ മലയാളികളുടെ പ്രവാസത്തിന്റെ പ്രത്യേകതകൾ അദ്ദേഹം പരാമർശിച്ചു ഡി.സി ബുക്സ് ചെയർമാൻ ഡി.സി രവി ചടങ്ങിൽ പ്രഭാഷണം നടത്തി. ബഹ്‌റൈൻ കേരളീയ സമാജത്തിലെ പുസ്തകോത്സവം ഓരോ വർഷവും കൂടുതൽ മോഡിയോടെ നടന്നുവരികയാണെന്ന് എടുത്തുപറഞ്ഞു.

പുസ്തകമേളകൾ സാംസ്കാരിക ഉത്സവങ്ങൾ കൂടിയാണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപെട്ടു. ബഹ്‌റൈൻ ട്രൈബ്യൂൺ സി ഇ ഓ പി. ഉണ്ണികൃഷ്ണൻ ആദ്യത്തെ ബി കെ എസ് -ഡി സി ബുക്സ് പുസ്തകോത്സവത്തെ ക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, പുസ്തകമേളയുടെ ജനറൽ കൺവീനർ ഷബിനി വാസുദേവ് എന്നിവരും സന്നിഹിതരായിരുന്നു.

ഉദ്ഘാടനാനന്തരം അൻവർ അലിയുമായുള്ള മുഖാമുഖം നടന്നു. മേളയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പ്രശസ്ത ചലച്ചിത്രതാരം സിജു വിൽസനാണ് അതിഥി. തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന, ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന വിനയൻ ചിത്രത്തിന്റെ തിരക്കഥയുടെ പ്രകാശനം അദ്ദേഹം നിർവഹിക്കും. താരവുമായുള്ള മുഖാമുഖവും ഇതോടനുബന്ധിച്ച് നടക്കും.

സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ നൂറോളം ചിത്രകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമൂഹ ചിത്രരചനയും കലാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ ഇന്ത്യൻ സംഘടനകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന കാലിഡോസ്കോപ്പുമാണ് ഇന്നത്തെ മറ്റ് പരിപാടികൾ ഉദ്ഘാടന ഓഫർ എന്ന നിലയിൽ പുസ്തകങ്ങൾക്ക് 20 ശതമാനം വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ച 12 വരെ ഇത് ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!